| Wednesday, 23rd March 2022, 8:37 pm

മരുന്നടിച്ച് പിടിച്ചു; ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരത്തിന് വിലക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

നിരോധിത മയക്കുമരുന്നടിച്ച് പിടിക്കപ്പെട്ട ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരത്തിന് വിലക്ക്. ദക്ഷിണാഫ്രിക്കന്‍ ടീമിലെ ബാറ്റര്‍ സൂബൈര്‍ ഹംസയാണ് മരുന്നടിച്ച് പിടിക്കപ്പെട്ടത്.

ഡൈയൂറിക് ഫ്യൂറോസ്‌മൈഡ് എന്ന് നിരോധിത ലഹരിമരുന്നാണ് താരം ഉപയോഗിച്ചതെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. താരം സ്വമേധയാ ടീമില്‍ നിന്നും പുറത്ത് പോവാന്‍ (വളണ്ടറി സസ്‌പെന്‍ഷന്‍) സമ്മതിച്ചതായും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വ്യക്തമാക്കി.

‘എങ്ങനെയാണ് ഈ നിരോധിത മരുന്ന് സുബൈറിന്റെ ശരീരത്തില്‍ പ്രവേശിച്ചത് എന്ന കാര്യം വ്യക്തമായിട്ടുണ്ട്. തുടര്‍ നടപടികളില്‍ സുബൈര്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഗൗരവതരമായ തെറ്റോ അശ്രദ്ധയോ ഉണ്ടായിട്ടില്ല എന്നതിന് തെളിവുകള്‍ ഹാജരാക്കണം,’ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

താരം ഉപയോഗിച്ച ഡൈയൂറിക് ഫ്യൂറോസ്‌മൈഡിനെ ഉത്തേജക മരുന്നിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് ഉപയോഗിച്ചാല്‍ മറ്റു മരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നുള്ള കാര്യം മനസിലാക്കാന്‍ പറ്റാത്തതിനാലാണ് ഡൈയൂറിക് ഫ്യൂറോസ്‌മൈഡിനെ നിരോധിച്ച മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ജനുവരി 17നാണ് താരം ഡ്രഗ് ടെസ്റ്റില്‍ പോസിറ്റീവായതെന്ന് സി.എസ്.എ പറഞ്ഞു. ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റിന് മുമ്പാണ് താരം പിടിക്കപ്പെട്ടത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആറ് ടെസ്റ്റിലാണ് താരം ജേഴ്‌സിയണിഞ്ഞത്. എന്നാല്‍ 2 വര്‍ഷത്തോളം ടെസ്റ്റ് ടീമിന് പുറത്തിരുന്നതിന് ശേഷമാണ് താരം ന്യൂസിലാന്‍ഡിനെതിരെയുള്ള ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏകദിന മത്സരത്തിലും താരം ബാറ്റേന്തിയിട്ടുണ്ട്.

Content Highlight: South Africa cricket player Zubayr Hamza tests positive for banned drug
We use cookies to give you the best possible experience. Learn more