| Wednesday, 28th September 2022, 9:12 pm

വിക്കറ്റുകള്‍ തുരുതുരാ പോയിട്ടും ലോക റെക്കോഡിട്ട് ദക്ഷിണാഫ്രിക്ക!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി-20 മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 108 റണ്‍സിന് ഇന്ത്യ പ്രോട്ടിസിനെ തളച്ചിരുന്നു.

ഇന്ത്യക്ക് വെല്ലുവിളിയാകുമെന്ന് കരുതിയ പല പ്രോട്ടീസ് ബാറ്റര്‍മാരും നിലയുറപ്പിക്കും മുമ്പ് തിരിച്ചുനടക്കുന്ന കാഴ്ചയാണ് ഗ്രീന്‍ഫീല്‍ഡില്‍ കണ്ടത്.

മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ തെംബ ബാവുമയെ പ്രോട്ടീസിന് നഷ്ടമായിരുന്നു. നാല് പന്ത് നേരിട്ട ബാവുമ ഒറ്റ റണ്‍ പോലും നേടാതെയാണ് പുറത്തായത്.

തുടര്‍ന്ന് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങിയ പ്രോട്ടീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍, നിലം തൊടീച്ചില്ല. ഇന്ത്യന്‍ യുവതാരം അര്‍ഷ്ദീപ് സിങ്ങും ദീപക് ചഹറും ചേര്‍ന്നായിരുന്നു വെടിക്കെട്ടിന് തിരികൊളുത്തിയത്.

കേവലം ഒമ്പത് റണ്‍സ് മാത്രം സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കുമ്പോഴേക്കും അഞ്ച് മുന്‍നിര വിക്കറ്റുകളാണ് സൗത്ത് ആഫ്രിക്കക്ക് നഷ്ടമായത്. അതില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതും അര്‍ഷ്ദീപ് സിങ്ങായിരുന്നു.

ഒരു ടി-20 മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടമാകുന്ന ടീമെന്ന റെക്കോഡ് ഇതോടെ ദക്ഷിണാഫ്രക്ക സ്വന്തമാക്കുകയായിരുന്നു.

100 റണ്‍സ് പോലും മറികടക്കില്ലെന്ന് തോന്നിയിരുന്ന ദക്ഷിണാഫ്രിക്കയെ 108 റണ്‍സിലെത്തിച്ചത് എട്ടാമനായെത്തിയ കേശവ് മഹാരാജാണ്. 35 പന്ത് നേരിട്ട് 41 റണ്‍സാണ് അദ്ദേഹം സ്വന്തമാക്കിയത്.

ഇന്ത്യക്കായി അര്‍ഷ്ദീപ് മൂന്നും ചഹര്‍ ഹര്‍ഷല്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി. അക്‌സര്‍ പട്ടേലാണ് ഒരു വിക്കറ്റ് നേടിയത്. വിക്കറ്റ് നേടിയില്ലെങ്കിലും മികച്ച ബൗളിങ്ങായിരുന്നു വെറ്ററന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ നടത്തിയത്.

നാല് ഓവറില്‍ എട്ട് റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുനല്‍കിയത്. ഒരു മെയ്ഡനും അദ്ദേഹത്തിന്റെ സ്‌പെല്ലിലുണ്ടായിരുന്നു

ആവേശകരമായ ഹൈ സ്‌കോറിങ് മത്സരം കാണാനെത്തിയ ആരാധകര്‍ക്ക് ബൗളിങ് വിരുന്നായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയത്.

Content Highlight: South Africa creates a Bad Record in game vs India

We use cookies to give you the best possible experience. Learn more