ഐ.സി.സി ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ നാല് റണ്‍സിനാണ് സൗത്ത് ആഫ്രിക്ക പരാജയപ്പെടുത്തിയത്.
നസാവു ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.
ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. ടി-20 ലോകകപ്പില്‍ ഏറ്റവും കുറഞ്ഞ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്ത് വിജയിക്കുന്ന ടീം എന്ന നേട്ടമാണ് സൗത്ത് ആഫ്രിക്ക സ്വന്തം പേരിലാക്കി മാറ്റിയത്.
ജൂണ്‍ ഒമ്പതിന് നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ പാക്കിസ്ഥാനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യയായിരുന്നു ഈ നേട്ടം ഇതിനുമുമ്പ് സ്വന്തമാക്കിയത്. എന്നാല്‍ ഇന്ത്യയുടെ ഈ റെക്കോഡിന് വെറും ഒരു ദിവസം മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.
മത്സരത്തില്‍ തുടക്കത്തില്‍ തന്നെ സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. പവര്‍പ്ലേയില്‍ തന്നെ നാല് വിക്കറ്റുകളാണ് സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമായത്.
തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ താന്‍സിം ഹസന്‍ സാക്കിബ് ആണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞുവീഴ്ത്തിയത്. ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ട്രിക്‌സ്, ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം എന്നിവരെയാണ് താരം പുറത്താക്കിയത്. ടസ്‌കിന്‍ അഹമ്മദ് രണ്ട് വിക്കറ്റും റിഷാദ് ഹുസ്സൈന്‍ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
Tanzim Hasan Sakib shines with an impressive 3/18 against South Africa! 🌟🇧🇩
44 പന്തില്‍ 46 റണ്‍സ് നേടിയ ഹെന്റിച്ച് ക്‌ളാസനാണ് സൗത്ത് ആഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. രണ്ട് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.മില്ലര്‍ 38 പന്തില്‍ 29 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
സൗത്ത് ആഫ്രിക്കന്‍ ബൗളിങ്ങില്‍ കേശവ് മഹാരാജ് മൂന്നു വിക്കറ്റും കാഗിസോ റബാദ, ആന്റിച്ച് നോര്‍ക്യ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബംഗ്ലാദേശ് തകര്‍ന്നടിയുകയായിരുന്നു.
14 പന്തില്‍ 37 റണ്‍സ് നേടി തൗഹിദ് ഹൃദോയിയും 27 പന്തില്‍ 20 റണ്‍സ് നേടി മുഹമ്മദുള്ളയുമാണ് ബംഗ്ലാദശ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ മൂന്നു മത്സരങ്ങളും വിജയിച്ചു കൊണ്ട് ആറു പോയിന്റോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചു. ജൂണ്‍ 15ന് നേപ്പാളിനെതിരെയാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം.
Content Highlight: South Africa create a new record in T20 World Cup