ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെ മൂന്ന് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക സെമി ഫൈനലില്‍ പ്രവേശിച്ചു. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ്ങില്‍ മഴ കളി തടസ്സപ്പെടുത്തിയതോടെ വിജയലക്ഷ്യം 17 ഓവറില്‍ 123 റണ്‍സാക്കി ചുരുക്കുകയായിരുന്നു. ഒടുവില്‍ മൂന്നു വിക്കറ്റുകളും അഞ്ച് പന്തുകളും ബാക്കി നില്‍ക്കെ പ്രോട്ടിയാസ് ലക്ഷ്യം മറികടക്കുകയായിരുന്നു.
ഈ ലോകകപ്പിലെ സൗത്ത് ആഫ്രിക്കയുടെ തുടര്‍ച്ചയായ ഏഴാം വിജയമായിരുന്നു ഇത്. ഇതിന് പിന്നാലെ ടി-20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന ടീം എന്ന നേട്ടം സ്വന്തമാക്കാനും പ്രോട്ടിയാസിന് സാധിച്ചു.
2010, 2021 ലോകകപ്പുകളില്‍ ഓസ്‌ട്രേലിയയും 2009 ലോകകപ്പില്‍ ശ്രീലങ്കയും ആറു മത്സരങ്ങള്‍ വിജയിച്ചിരുന്നു. ഇതോടെ ഓസ്‌ട്രേലിയയും ശ്രീലങ്കയെയും മറികടന്ന് മുന്നേറാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചു.
സൗത്ത് ആഫ്രിക്കക്കായി ട്രിസ്റ്റന്‍ സ്റ്റംപ്‌സ് 27 പന്തില്‍ 29 റണ്‍സും ഹെന്റിച്ച് ക്ലാസന്‍ 10 പന്തില്‍ 22 റണ്‍സും മാര്‍ക്കോ ജാന്‍സന്‍ 14 പന്തില്‍ പുറത്താവാതെ 21 റണ്‍സും നേടി നിര്‍ണായകമായപ്പോള്‍ സൗത്ത് ആഫ്രിക്ക സെമിയിലേക്ക് മുന്നേറുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡീസ് ബൗളിങ്ങില്‍ ചാസ്റ്റണ്‍ ചെയ്സ് മൂന്ന് വിക്കറ്റും അല്‍സാരി ജോസഫ്, ആന്ദ്രേ റസല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.
അതേസമയം വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയില്‍ റോസ്റ്റണ്‍ ചെയ്‌സ് 42 പന്തില്‍ 52 റണ്‍സ് നേടി നിര്‍ണായകമായി. മൂന്ന് ഫോറുകളും രണ്ട് സിക്സുമാണ് ചെയ്സിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 34 പന്തില്‍ 35 റണ്‍സ് നേടിയ കൈല്‍ മയേഴ്സും മികച്ച പ്രകടനം നടത്തി.
സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ തബ്രായിസ് ഷംസി മൂന്ന് വിക്കറ്റും മര്‍ക്രം, മാര്‍ക്കോ ജാന്‍സന്‍, കാഗിസോ റബാദ, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി നിര്‍ണായകമായി.
Also Read: ബഫണിന് ഇനിമുതൽ ന്യൂയറിന്റെ പിറകിൽ നിൽക്കാം; ജർമൻ ഇതിഹാസത്തിന് ചരിത്രനേട്ടം
Content Highlight: South Africa Create a New Record in T20 World Cup