യാത്രാനിരോധനം ശാസ്ത്രമല്ല, രാഷ്ട്രീയം; ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയതിന് പ്രശംസിക്കുന്നതിന് പകരം ശിക്ഷിക്കുന്നു; ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തുന്നെന്ന് ദക്ഷിണാഫ്രിക്ക
കേപ്ടൗണ്‍: രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ തങ്ങളെ ‘ശിക്ഷിക്കുക’യാണെന്ന് ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. ഒമിക്രോണിന്റെ സാന്നിധ്യം എത്രയും പെട്ടെന്ന് കണ്ടെത്തിയതിന് പ്രശംസിക്കുന്നതിന് പകരം ലോകരാജ്യങ്ങള്‍ തങ്ങളെ ഒറ്റപ്പെടുത്തുകയാണ് എന്നാണ് ദക്ഷിണാഫ്രിക്ക പരാതിപ്പെടുന്നത്.
ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് മേല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് വിവിധ ലോകരാജ്യങ്ങള്‍ രംഗത്തെത്തിയതോടെയാണ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്. ”രാജ്യത്തെ മികച്ച ശാസ്ത്രസാങ്കേതികവിദ്യയെ പ്രശംസിക്കുകയാണ് വേണ്ടത്, ശിക്ഷിക്കുകയല്ല,” പ്രസ്താവനയില്‍ പറയുന്നു.
മറ്റ് രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയപ്പോള്‍ ലോകരാജ്യങ്ങള്‍ വ്യത്യസ്ത നിലപാടാണ് എടുക്കുന്നതെന്നും ദക്ഷിണാഫ്രിക്കയോട് പെരുമാറുന്ന പോലെയല്ല സമീപനമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
യാത്രാനിരോധനത്തിലൂടെ പല രാജ്യങ്ങളും രാഷ്ട്രീയം കളിക്കുകയാണെന്നും അത് തെറ്റാണെന്നും അവര്‍ പറഞ്ഞു. ”മൂന്ന് രാജ്യങ്ങളില്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ എന്തിനാണ് ആഫ്രിക്കയെ മാത്രം ഒറ്റപ്പെടുത്തുന്നത്,” വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ചോദിച്ചു.
ഒമിക്രോണ്‍, കൊവിഡിന്റെ ഡെല്‍റ്റ വകഭേദത്തേക്കാളും അപകടകാരിയാണെന്നും ആശങ്കയുള്ള സാഹചര്യമാണിതെന്നും ലോകാരോഗ്യസംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു. ബ്രിട്ടണ്‍, ജര്‍മനി, ബെല്‍ജിയം, ഇറ്റലി, ഇസ്രഈല്‍ എന്നിവിടങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഒമിക്രോണിന്റെ സാന്നിധ്യം എത്രയും പെട്ടെന്ന് കണ്ടെത്തിയതിന് ദക്ഷിണാഫ്രിക്കയെ പ്രശംസിച്ച് അമേരിക്ക രംഗത്തെത്തി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കിയത്.
മുമ്പ് കൊവിഡ് 19 സ്ഥിരീകരിക്കാന്‍ ചൈന വൈകിയതിനെയും നേരിട്ടല്ലാതെ വിമര്‍ശിച്ചായിരുന്നു പ്രസ്താവന.
ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ആഫ്രിക്കയിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും ബ്ലിങ്കന്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ 24 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ ഇതുവരെ വാക്‌സിന്‍ ലഭിച്ചിട്ടുള്ളൂ.