ഇന്ത്യ-ഓസ്ട്രേലിയ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൗത്ത് ആഫ്രിക്കക്ക് തകർപ്പൻ ജയം. എട്ട് വിക്കറ്റുകൾക്കായിരുന്നു സൗത്ത് ആഫ്രിക്കയുടെ വിജയം. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട സൗത്ത് ആഫ്രിക്കയുടെ ശക്തമായ തിരിച്ചു വരവ് കൂടിയായിരുന്നു ഈ മത്സരം.
സൗത്ത് ആഫ്രിക്കയുടെ ഹോം ഗ്രൗണ്ടായ സെയ്ന്റ് ജോർജ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.2 ഓവറിൽ 211 റൺസിന് പുറത്താവുകയായിരുന്നു.
ഇന്ത്യൻ ബാറ്റിങ് നിരയിൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ പുറത്തെടുത്ത അതേ ഫോം ഈ മത്സരത്തിലും പുറത്തെടുക്കാൻ സായ് സുദർശന് സാധിച്ചു. 83 പന്തിൽ 62 റൺസ് നേടികൊണ്ടായിരുന്നു സായ് സുദർശന്റെ മിന്നും പ്രകടനം. സായ്ക്ക് പുറമെ ഇന്ത്യൻ നായകൻ കെ.എൽ രാഹുൽ 64 പന്തിൽ 56 റൺസ് നേടി മികച്ച പ്രകടനം നടത്തി.
സൗത്ത് ആഫ്രിക്കൻ ബൗളിങ് നിരയിൽ നാൻഡ്ര ബർഗർ മൂന്ന് വിക്കറ്റും ഹെൻഡ്രിക്സ്, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോൾ ഇന്ത്യൻ ഇന്നിങ്സ് 211ൽ അവസാനിക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 42.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. സൗത്ത് ആഫ്രിക്കക്കായി ഓപ്പണർ ടോണി ഡി സോർസി തകർപ്പൻ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 122 പന്തിൽ 119 റൺസ് നേടിയായിരുന്നു ടോണിയുടെ തകർപ്പൻ ഇന്നിങ്സ്. ഒമ്പത് ഫോറുകളുടെയും ആറ് കൂറ്റൻ സിക്സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റ സെഞ്ച്വറി ഇന്നിങ്സ്.
ഹെൻഡ്രിക്സ് 81 പന്തിൽ 52 റൺസും നേടി മികച്ച പ്രകടനം നടത്തിയപ്പോൾ സൗത്ത് ആഫ്രിക്ക എട്ട് വിക്കറ്റിന്റെ മിന്നും ജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാക്കാനും സൗത്ത് ആഫ്രിക്കക്ക് സാധിച്ചു. ഡിസംബർ 21നാണ് മൂന്നാം ഏകദിനം നടക്കുക. ബോളണ്ട് പാർക്ക് സ്റ്റേഡിയമാണ് വേദി.