കൊലകൊമ്പന്‍മാരെ അണിനിരത്തി ലോകകപ്പ് സ്‌ക്വാഡ്; കിരീടമണിയിച്ച് പ്രിയപ്പെട്ടവനെ യാത്രയാക്കാന്‍ പ്രോട്ടീസ്
icc world cup
കൊലകൊമ്പന്‍മാരെ അണിനിരത്തി ലോകകപ്പ് സ്‌ക്വാഡ്; കിരീടമണിയിച്ച് പ്രിയപ്പെട്ടവനെ യാത്രയാക്കാന്‍ പ്രോട്ടീസ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th September 2023, 5:20 pm

ഐ.സി.സി ഏകദിന വേള്‍ഡ് കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് സൗത്ത് ആഫ്രിക്ക. സൂപ്പര്‍ താരം തെംബ ബാവുമയുടെ നേതൃത്വത്തിലുള്ള 15 അംഗ സ്‌ക്വാഡിനെയാണ് പ്രോട്ടീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബാവുമക്കൊപ്പം ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവര്‍ ബാറ്റിങ്ങില്‍ കരുത്താകുമ്പോള്‍ കഗീസോ റബാദയും ലുങ്കി എന്‍ഗിഡിയും അടക്കമുള്ള പേസ് നിരയും കേശവ് മഹാരാജ് അടക്കമുള്ള സ്പിന്‍ നിരയും ബൗളിങ്ങില്‍ കരുത്താകും. വെറ്ററന്‍ താരം സിസാന്‍ഡ മഗാല സ്‌ക്വാഡിന്റെ ഭാഗമായത് ആരാധകരെ സംബന്ധിച്ച് സര്‍പ്രൈസിങ്ങായിരുന്നു.

ഹെന്റിച്ച് ക്ലാസന്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ മിന്നുന്ന ഫോമിലാണെന്ന വസ്തുതയാണ് പ്രോട്ടീസ് ആരാധകരെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ നിര്‍ഭാഗ്യം മാത്രം കൈമുതലാക്കിയ പ്രോട്ടീസ് ഇത്തവണ ആ ചരിത്രം തിരുത്തിക്കുറിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

പ്രോട്ടീസിന്റെ ചരിത്രപുസ്തകത്തില്‍ ഇടം നേടാന്‍ തന്നെയാകും ക്യാപ്റ്റന്‍ ബാവുമയും ശ്രമിക്കുന്നത്. ഏകദിനത്തില്‍ ടീമിനെ മികച്ച രീതിയില്‍ നയിച്ച് റെക്കോഡിട്ട ബാവുമ ലോകകപ്പിലും ആ നേട്ടം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഈ ലോകകപ്പിന് പിന്നാലെ ഏകദിന ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങുന്ന ക്വിന്റണ്‍ ഡി കോക്കിനെ കിരീടത്തോടെ യാത്രയയക്കാനും പ്രോട്ടീസ് ശ്രമിക്കുമെന്നുറപ്പാണ്.

ലോകകപ്പിനുള്ള സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

തെംബ ബാവുമ (ക്യാപ്റ്റന്‍), ജെറാള്‍ഡ് കോട്‌സി, ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, മാര്‍കോ യാന്‍സെന്‍, ഹെന്റിച്ച് ക്ലാസന്‍, സിസാന്‍ഡ മഗാല, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, ഡേവിഡ് മില്ലര്‍, ലുന്‍ഗി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്യ, കഗീസോ റബാദ, തബ്രിയാസ് ഷംസി, റാസി വാന്‍ ഡെര്‍ ഡസന്‍.

ഒക്ടോബര്‍ ഏഴിനാണ് ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയുടെ ആദ്യ മത്സരം. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയാണ് പ്രോട്ടീസിന്റെ എതിരാളികള്‍.

 

അതേസമയം, ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയാണ് ഇനി സൗത്ത് ആഫ്രിക്കക്ക് മുമ്പിലുള്ളത്. ലോകകപ്പിന് മുമ്പുള്ള പ്രാക്ടീസ് മാച്ച് എന്ന നിലയിലായിരിക്കും അഞ്ച് മത്സരങ്ങളടങ്ങിയ ഈ ഏകദിന പരമ്പരയെ ബാവുമയും സംഘവും നോക്കിക്കാണുക.

സെപ്റ്റംബര്‍ ഏഴിനാണ് പരമ്പരയിലെ ആദ്യ മത്സരം. മംഗൗങ് ഓവലാണ് വേദി.

 

Content highlight: South Africa announced World Cup squad