വമ്പന്‍ സര്‍പ്രൈസ്, അതിനേക്കാള്‍ വലിയ റിസ്‌ക്; നോര്‍ക്യക്ക് പകരക്കാരനെ പ്രഖ്യാപിച്ച് സൗത്ത് ആഫ്രിക്ക
ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി പരിക്കേറ്റ സൂപ്പര്‍ പേസര്‍ ആന്‌റിക് നോര്‍ക്യയുടെ പകരക്കാരനെ പ്രഖ്യാപിച്ച് സൗത്ത് ആഫ്രിക്ക. വലംകയ്യന്‍ പേസര്‍ കോര്‍ബിന്‍ ബോഷിനെയാണ് പ്രോട്ടിയാസ് നോര്‍ക്യയുടെ പകരക്കാരനായി ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പാകിസ്ഥാനെതിരെയാണ് 30കാരനായ ബോഷ് ഏകദിന അരങ്ങേറ്റം കുറിച്ചത്. മത്സരത്തില്‍ ഒമ്പത് ഓവര്‍ പന്തെറിഞ്ഞ താരം 69 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു.

ആന്‌റിക് നോര്‍ക്യ
ബോഷ് കളിച്ച ഏക ഒ.ഡി.ഐ മത്സരവും ഇത് മാത്രമാണ്.

കോര്‍ബിന്‍ ബോഷ്
അന്താരാഷ്ട്ര തലത്തില്‍ ഒരു മത്സരത്തില്‍ മാത്രം കളത്തിലിറങ്ങിയ ബോഷിനെ പോലെ ഒരു താരത്തെ ഐ.സി.സി മെഗാ ഇവന്റിന്റെ ഭാഗമാക്കിയ സൗത്ത് ആഫ്രിക്കയുടെ നീക്കം ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
എന്നാല്‍ ഇക്കഴിഞ്ഞ എസ്.എ20യില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ചാമ്പ്യന്‍മാരായ എം.ഐ കേപ്ടൗണിന്റെ പ്രധാന സീമര്‍മാരില്‍ ഒരാളായിരുന്നു ബോഷ്.

അതേസമയം, യുവതാരം ക്വേന മഫാക്കയെ ട്രാവലിങ് റിസര്‍വായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എസ്.എ20ക്കിടെ പരിക്കേറ്റ സൂപ്പര്‍ പേസര്‍ ജെറാള്‍ഡ് കോട്‌സിയ ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാഗമാകില്ല എന്ന് നേരത്തെ ഉറപ്പായിരുന്നു. പരിക്കിന്റെ പിടിയിലകപ്പെട്ട ബ്യൂറന്‍ ഹെന്‍ഡ്രിക്‌സും ലിസാദ് വില്യംസും സുഖം പ്രാപിച്ച് വരികയാണ്.

ജെറാള്‍ഡ് കോട്‌സിയ
സൗത്ത് ആഫ്രിക്ക, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് ടീമുകള്‍ തമ്മിലുള്ള ട്രൈസീരീസിലെ ശേഷിച്ച മത്സരങ്ങളില്‍ ബോഷും ടീമിന്റെ ഭാഗമാകും. ബോഷിന് പുറമെ ടോണി ഡി സോര്‍സിയും ട്രാവലിങ് റിസര്‍വായ ക്വേന മഫാക്കയും ഞായറാഴ്ച കറാച്ചിയിലേക്ക് പുറപ്പെടും .
അതേസമയം, മുന്‍ പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ യാസിര്‍ അറാഫത്ത് ത്രിരാഷ്ട്ര പരമ്പരയ്ക്കും ചാമ്പ്യന്‍സ് ട്രോഫിക്കും ദക്ഷിണാഫ്രിക്കന്‍ പുരുഷ ടീമിന്റെ കണ്‍സള്‍ട്ടന്റായി ചേര്‍ന്നു.
2025 ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്
തെംബ ബാവുമ (ക്യാപ്റ്റന്‍), കോര്‍ബിന്‍ ബോഷ്, ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, ഹെന്‌റിക് ക്ലാസന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, ഡേവിഡ് മില്ലര്‍, വിയാന്‍ മുള്‍ഡര്‍, ലുങ്കി എന്‍ഗിഡി, കഗീസോ റബാദ, റിയാന്‍ റിക്കല്‍ടണ്‍, തബ്രായിസ് ഷംസി, ട്രിസ്റ്റാന്‍ സ്റ്റബ്‌സ്, റാസി വാന്‍ ഡെര്‍ ഡസന്‍.
Content highlight: South Africa announced Corbin Bosch as replacement for injured Anrich Nortje