| Thursday, 16th November 2023, 1:56 pm

തുല്യ ശക്തികളില്‍ ആര് ജയിക്കും; രണ്ടാം സെമിയും തീപാറും

സ്പോര്‍ട്സ് ഡെസ്‌ക്

2023 ഐ.സി.സി ഏകദിന ലോകകപ്പില്‍ നവംബര്‍ 16ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ്. മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് ടോസ് നേടിയത്‌. നവംബര്‍ 15ന് നടന്ന ഇന്ത്യ ന്യൂസിലാന്‍ഡ് ആദ്യ സെമിഫൈനലില്‍ ഇന്ത്യ വമ്പന്‍ വിജയം സ്വന്തമാക്കി ഫൈനലില്‍ പ്രവേശിച്ച് കഴിഞ്ഞു. സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയുമായുള്ള മത്സരത്തില്‍ വിജയിക്കുന്ന ടീമാണ് നവംബര്‍ 19ന് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വച്ച് ഫൈനലില്‍ ഏറ്റുമുട്ടുക.

ഒമ്പത് മത്സരങ്ങളില്‍ നിന്നും ഏഴു വിജയവുമായി സൗത്ത് ആഫ്രിക്ക രണ്ടാം സ്ഥാനത്തുണ്ട്. ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തും. ഇരുവരും തമ്മിലുള്ള രണ്ടാം സെമി ഫൈനല്‍ തീപാറും എന്ന് ഉറപ്പാണ്.  നിര്‍ണായക മത്സരത്തില്‍ ടോസ് സ്വന്തമാക്കുന്നത് വിജയസാധ്യത ഒരു പടി മുകളിലാകുമെന്നതും ഉറപ്പാണ്.

ശ്രീലങ്കക്കെതിരെയും ഓസ്‌ട്രേലിയക്കെതിരെയും മിന്നും വിജയം സ്വന്തമാക്കിയാണ് പ്രോട്ടീസ് ലോകകപ്പ് തുടങ്ങിയത്. നെതര്‍ലന്‍ഡ്‌സിനെതിരെയും ഇന്ത്യക്കെതിരെയും വലിയ തിരിച്ചടി സൗത്ത് ആഫ്രിക്ക നേരിടേണ്ടി വന്നെങ്കിലും പ്രോട്ടീസിന് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞു.

എന്നാല്‍ ഓസ്‌ട്രേലിയയുടെ തുടക്കം വ്യത്യസ്തമായിരുന്നു. ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും പരാജയം ഏറ്റുവാങ്ങിയെങ്കിലും തുടര്‍ച്ചയായ മത്സരങ്ങളിലെ വിജയമാണ് അവരെ ആദ്യ നാലില്‍ എത്തിച്ചത്. നിലവില്‍ സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും 14 പോയിന്റ് ആണ് സ്വന്തമാക്കിയത് നെറ്റ് റണ്‍റേറ്റിന്റെ കാര്യത്തില്‍ മാത്രമാണ് സൗത്ത് ആഫ്രിക്ക ഒരു പടി മുകളിലുള്ളത്. തുല്യശക്തികളായ ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ വലിയ ആവേശം തന്നെയായിരിക്കും എന്നത് ഉറപ്പാണ്.

ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറും സൗത്ത് ആഫ്രിക്കയുടെ മാര്‍ക്കോ ജാന്‍സനും ക്വിന്റണ്‍ ഡി കോക്കും ജോഷ് ഹേസല്‍ വുഡും, കേശവ് മഹാരാജയും മിച്ചല്‍ മാര്‍ഷും, ഹെന്‍ട്രിച്ച് ക്ലാസനും ആദം സാമ്പയും, ഗ്ലെന്‍ മാക്‌സ് വെല്ലും കാഗീസോ റബാഡയും തമ്മിലുള്ള മികച്ച പോരാട്ടം തന്നെയായിരിക്കും മത്സരത്തിന്റെ മറ്റൊരു സവിശേഷത.

കഴിഞ്ഞ മത്സരത്തില്‍ ഗ്ലെന്‍ മാക്‌സവെല്ലിന്റെ തകര്‍പ്പന്‍ പ്രകടനം ദക്ഷിണാഫ്രിക്കയെ രണ്ടാം സെമിയില്‍ കുടുക്കുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്. പ്രോട്ടീസ് ഫാസ്റ്റ് ബൗളര്‍മാര്‍ ഓസീസ് ബാറ്റര്‍ മാരെ തകര്‍ക്കാനുള്ള തന്ത്രങ്ങളും ആയിട്ടാണ് വന്നിരിക്കുന്നത്.

എന്നാല്‍ ഓസ്‌ട്രേലിയ കരുത്തരായ മുന്‍നിര ബാറ്റര്‍ മാരും സ്പിന്‍ തന്ത്രങ്ങളുമായിട്ടാണ് പ്രോട്ടീസിനെ നേരിടുന്നത്. റണ്‍വേട്ടയില്‍ രണ്ടാമതുള്ള ക്വിന്റണ്‍ ഡി കോക്കും കങ്കാരുക്കള്‍ക്ക് ഉയര്‍ത്തുന്ന വെല്ലുവിളി വലുതാണ്. നിര്‍ണായകമായ മത്സരത്തില്‍ ആരു വിജയിക്കുമെന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlight: South Africa and Australia are set to meet in the second semi-final

We use cookies to give you the best possible experience. Learn more