| Saturday, 18th September 2021, 5:03 pm

ആശങ്കയൊഴിയുന്നില്ല, നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനാകാതെ വിദഗ്ധര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസിന്റെ ഉറവിടം സംബന്ധിച്ച് ആശങ്ക തുടരുന്നു. സ്ഥലത്തെ പാഴൂരില്‍ നിന്ന് ശേഖരിച്ച പഴങ്ങളുടെ സാംപിള്‍ ഫലവും നെഗറ്റീവായതോടെയാണ് നിപയുടെ ഉറവിടം കണ്ടെത്താനാകാതെ ആശയക്കുഴപ്പത്തിലായിരിക്കുന്നത്.

വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ടു വയസുകാരന്റെ വീടിന് സമീപത്ത് നിന്നും ശേഖരിച്ച അടയ്ക്ക, റംബൂട്ടാന്‍ എന്നിവയുടെ സാംപിളുകളുടെ ഫലമാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വന്നത്.

നേരത്തേ നടത്തിയ പരിശോധനയില്‍ വവ്വാലുകള്‍, മറ്റ് വളര്‍ത്തുമൃഗങ്ങള്‍ എന്നിവയിലും വൈറസ് സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കാട്ടുപന്നിയുടെ സാംപിള്‍ പരിശോധനാ ഫലമാണ് ഇനി വരാനുള്ളത്.

ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
രോഗം സ്ഥിരീകരിച്ച ശേഷം നില ഗുരുതരമായി മണിക്കൂറുകള്‍ക്കകം കുട്ടി മരണപ്പെടുകയായിരുന്നു.

251 പേരാണ് കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 121 പേര്‍ ആരോഗ്യപ്രവര്‍ത്തകരായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധനക്കയച്ച സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെയെല്ലാം ഫലങ്ങള്‍ നെഗറ്റീവായിരുന്നു.

2018ല്‍ കോഴിക്കോട് ജില്ലയില്‍ തന്നെയായിരുന്നു കേരളത്തില്‍ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Source of nipah virus in kozhikode still unclear

We use cookies to give you the best possible experience. Learn more