| Friday, 5th November 2021, 2:22 pm

റമീസിന് ചിത്രം ലഭിച്ച ഫ്രഞ്ച് ആര്‍ക്കൈവ്‌സിലെ പൂര്‍ണരൂപം പുറത്ത്; വാരിയംകുന്നത്താണന്ന് ഉറപ്പിക്കാനാകില്ലെന്ന് ഡോ. അബ്ബാസ് പനക്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് പുറത്തുവിട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന്റെ ഉറവിടം വെളിപ്പെടുത്തി എഴുത്തുകാരന്‍ ഡോ. അബ്ബാസ് പനക്കല്‍.

റമീസ് മുഹമ്മദിന് ചിത്രം ലഭിച്ച ഫ്രഞ്ച് ആര്‍ക്കൈവ്‌സിലെ പത്രത്തിന്റെ പൂര്‍ണരുപം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് വശദീകരണവുമായി അബ്ബാസ് പനക്കല്‍ രംഗത്തെത്തി.

റമീസ് പുറത്തുവിട്ട ചിത്രം പൂര്‍ണമായും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതാണെന്ന് പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സയന്‍സ് എറ്റ് വോയേജസ് 1922 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ ആലി മുസ്‌ലിയാരുടെ പേര് മാത്രമാണ് പരാമര്‍ശിക്കുന്നതെന്നും കുഞ്ഞഹമ്മദ് ഹാജിയെ പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘വിപ്ലവത്തിന്റെ പ്രധാന ശില്‍പികളിലൊരാളായ മുഹമ്മദ് ആലിയുടെ ചിത്രം. അദ്ദേഹത്തെ പിടികൂടിയതും വധിച്ചതും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെ നിരുത്സാഹപ്പെടുത്തി.

ഇരുവശത്തും(ഇതിലൊന്നാണ് റമീസ് പുറത്തുവിട്ട ചിത്രമുള്ളത്), ഇംഗ്ലീഷ് കുടിയേറ്റക്കാരെ കൊലപ്പെടുത്തി കലാപത്തിന് സൂചന നല്‍കിയ രണ്ട് മുസ്‌ലിങ്ങള്‍,’ സയന്‍സസ് എറ്റ് വോയേജസിന്റെ ലേഖനത്തിലുള്ള ചിത്രത്തിന്റെ അടിക്കുറിപ്പില്‍ പറയുന്നത് ഇതാണെന്നും കുഞ്ഞഹമ്മദ് ഹാജിയുടെ പേര് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ കലാപത്തിന് പിന്നില്‍ സോവിയറ്റ് യൂണിയനാണ് എന്നത് ബ്രിട്ടന്‍ സംശയിക്കുന്നതായം ലേഖനത്തില്‍ പറയുന്നുണ്ട്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് പരാമര്‍ശിച്ച പ്രസ്തുത ലേഖനത്തില്‍ ആലി മുസ്‌ലിയാരുടെ ചിത്രത്തിനൊപ്പമുള്ളവരുടെ പേര്
പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ചിത്രം എന്ന് അവകാശപ്പെടുന്ന ഫോട്ടോ ഉള്‍പ്പെടുത്തി അദ്ദേഹത്തിന്റെ ജീവചരിത്രം കഴിഞ്ഞ ആഴ്ച പ്രകാശനം ചെയ്തിരുന്നു.

സുല്‍ത്താന്‍ വാരിയം കുന്നന്‍ എന്ന് പേരിട്ട പുസ്തകം രചിച്ചത് ചരിത്രകാരന്‍ റമീസ് മുഹമ്മദ് ആണ്. മലപ്പുറത്ത് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ ആയിരുന്നു ചടങ്ങുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Source of  has been revealed Wariamkunnath Kunhahammed Haji’s Photo

We use cookies to give you the best possible experience. Learn more