| Thursday, 2nd July 2020, 10:27 am

ഗാംഗുലിയ്‌ക്കൊപ്പം സച്ചിനും ദ്രാവിഡും സെവാഗും സഹീറും കുംബ്ലെയും, കോഹ്‌ലിയ്‌ക്കൊപ്പം രോഹിത്, അശ്വിന്‍, പൂജാര, രഹാനെ, ബുംറ; ആര് ജയിക്കുമെന്ന് വെളിപ്പെടുത്തി മുന്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് കാലഘട്ടങ്ങളിലെ താരങ്ങള്‍ പരസ്പരം ഏറ്റമുട്ടിയാല്‍ എങ്ങനെ ഉണ്ടാകും. അത്തരമൊരു സാഹചര്യത്തെ വിശദീകരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. സൗരവ് ഗാംഗുലിയുടെ 2000 കാലഘട്ടത്തിലെ ടീമും വിരാട് കോഹ്‌ലിയുടെ നിലവിലെ ടീമും പരസ്പരം മത്സരിച്ചാല്‍ എങ്ങനെയുണ്ടാകുമെന്ന് പരിശോധിക്കുകയാണ് ചോപ്ര.

ഗാംഗുലിയുടെ ടീമായിരിക്കും ഈ മത്സരത്തില്‍ വിജയിക്കുക എന്ന് ചോപ്ര പറയുന്നു. ഗാംഗുലിയുടെ കീഴില്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരമാണ് ചോപ്ര.

‘ഞങ്ങള്‍ ആസ്‌ട്രേലിയയില്‍ പോയി സമനില നേടി. പാകിസ്താനില്‍ അവരെ തോല്‍പ്പിച്ചു. ഇന്ത്യയില്‍ ആസ്‌ട്രേലിയയോട് ഒരു തോല്‍വിയും സമനിലയും വഴങ്ങി. ഇംഗ്ലണ്ടില്‍ പോയി അവരോടും സമനില നേടി. മികച്ച ടീമായിരുന്നു അത്. വിദേശത്ത് എങ്ങനെ വിജയിക്കാം എന്ന് കാണിച്ചുതന്ന ടീം’, ചോപ്ര പറഞ്ഞു.

കോഹ്‌ലിയുടെ ടീം ആസ്‌ട്രേലിയയില്‍ എത്തി അവരെ തോല്‍പ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ആദ്യമായാണ് അങ്ങനെ ഒന്ന് സംഭവിക്കുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയോടും ഇംഗ്ലണ്ടിനോടും ദയനീയമായി തോറ്റു’, ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഗാംഗുലി ഇലവനില്‍ ചോപ്രയുടെ ടീം വിന്യാസം നോക്കാം.

ഓപ്പണിംഗിന് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദ്ര സെവാഗിനൊപ്പം ആകാശ് ചോപ്ര ഇറങ്ങും. മൂന്നും നാലും സ്ഥാനങ്ങളില്‍ യഥാക്രമം ദ്രാവിഡും സച്ചിനും. അഞ്ചാമതായി ലക്ഷ്മണും ആറാമതായി ക്യാപ്റ്റന്‍ ഗാംഗുലിയും എത്തും. പാര്‍ത്ഥിവ് പട്ടേലാണ് ടീമിലെ വിക്കറ്റ് കീപ്പര്‍.

കുംബ്ലെയും ഹര്‍ഭജനും സ്പിന്നര്‍മാരായി ടീമിലുണ്ടാകും. സഹീര്‍ഖാനും അഗാര്‍ക്കറിനുമാണ് പേസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല.

മറുവശത്ത് കോഹ്‌ലിയുടെ ടീമില്‍ ഓപ്പണര്‍ ശിഖര്‍ ധവാനില്ലായെന്നതാണ് ശ്രദ്ധേയം. രോഹിതിനേയും മയാങ്ക് അഗര്‍വാളിനേയുമാണ് ചോപ്ര ഓപ്പണര്‍മാരായി തെരഞ്ഞെടുത്തിരിക്കുന്നത്.

മൂന്നും നാലും സ്ഥാനങ്ങളില്‍ പൂജാരയും കോഹ്‌ലിയുമെത്തും. അഞ്ചാമതായി രഹാനെ ഇറങ്ങും.

ആറും ഏഴും സ്ഥാനങ്ങളില്‍ ഹനുമ വിഹാരിയും വിക്കറ്റ് കീപ്പര്‍ സാഹയും എത്തും. അശ്വിനും ജഡേജയുമാണ് സ്പിന്നര്‍മാര്‍. പേസര്‍മാരില്‍ ഇശാന്തിനൊപ്പം ബുംറയോ ഷമിയോ ടീമിലുണ്ടാകും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more