മുംബൈ: ഇപ്പോള്‍ നടന്ന പരമ്പരയിലെ അഞ്ചാം ടെസ്റ്റായി മാത്രമേ ഓള്‍ഡ് ട്രാഫോര്‍ഡിലെ ടെസ്റ്റ് കളിക്കൂ എന്ന് വ്യക്തമാക്കി ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഓള്‍ഡ് ട്രാഫോര്‍ഡിലെ ടെസ്റ്റിനെ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനുള്ള മറുപടിയായാണ് ഗാംഗുലിയുടെ പ്രതികരണം.
ഒറ്റ ടെസ്റ്റായി മാത്രം കളിക്കില്ലെന്നും, ഓള്‍ഡ് ട്രാഫോര്‍ഡില്‍ കളിക്കുന്നത് പരമ്പരയുടെ തുടര്‍ച്ചയായി മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞങ്ങള്‍ക്ക് ടെസ്റ്റ് സീരീസ് പൂര്‍ത്തിയാക്കണം. അഞ്ചാം ടെസ്റ്റില്‍ ജയിച്ചിരുന്നെങ്കില്‍ 2007ന് ശേഷം ഇംഗ്ലണ്ട് മണ്ണില്‍ ജയിക്കുന്ന ആദ്യ പരമ്പരയായി മാറിയേനെ,’ ഗാംഗുലി പറഞ്ഞു. ടെസറ്റ് മത്സരങ്ങളെയാണ് ബി.സി.സി.ഐ ക്രിക്കറ്റിലെ ഏറ്റവും വലിയ ഫോര്‍മാറ്റായി കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ കൂടുതല്‍ ഏകദിനങ്ങളും ടി-20 മത്സരങ്ങളും കളിക്കാന്‍ തയ്യാറാണെന്നും ഓള്‍ഡ് ട്രാഫോര്‍ഡിലെ ടെസ്റ്റ് പരമ്പരയുടെ തുടര്‍ച്ചയായി മാത്രമേ കളിക്കുവെന്നും ഗാംഗുലി പറഞ്ഞു.
കൊവിഡിനെ തുടര്‍ന്ന് അഞ്ചാം ടെസ്റ്റില്‍ നിന്നും ഇന്ത്യ പിന്മാറിയതോടെ വന്‍തുക ഇന്‍ഷുറന്‍സ് ഇനത്തില്‍ നഷ്ടമായെന്ന് കാണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിയെ സമീപിച്ചിരുന്നു. എന്നാല്‍ കൊവിഡ് ഇന്‍ഷുറന്‍സ് പരിധിയില്‍ വരില്ല എന്നാണ് ഐ.സി.സിയുടെ വാദം.