| Wednesday, 27th July 2022, 1:12 pm

സുപ്രീം കോടതി കനിയണം; ഐ.സി.സി ചെയര്‍മാനാവാന്‍ സൗരവ് ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

അപെക്‌സ് ബോഡിയുടെ അടുത്ത ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് അംഗീകാരം നല്‍കി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി). നിലവിലെ ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേയുടെ കാലാവധി കഴിയാനിരിക്കെയാണ് തെരഞ്ഞെടുപ്പിന് ഐ.സി.സി അംഗീകാരം നല്‍കിയിരിക്കുന്നത്. നവംബറിലാവും തെരഞ്ഞെടുപ്പ് നടക്കുന്നത്.

കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാവും വിജയിയെ തീരുമാനിക്കുക. 2022 ഡിസംബര്‍ ഒന്ന് മുതല്‍ 2024 നവംബര്‍ 30 വരെ രണ്ട് വര്‍ഷമായിരിക്കും ചെയറിന്റെ കാലാവധി.

ചെയര്‍മാനാവാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്ന നിയമവും ഐ.സി.സി ഇത്തവണ എടുത്ത് കളഞ്ഞിട്ടുണ്ട്. 51 ശതമാനം വോട്ട് നേടിയാല്‍ ഐ.സി.സിയെ നയിക്കാന്‍ സാധിക്കും.

ഐ.സി.സിയുടെ അപെക്‌സ് ബോഡിയുടെ തലപ്പത്തെത്താന്‍ സാധ്യത കല്‍പിക്കുന്നവരില്‍ പ്രധാനിയാണ് ബി.സി.സി.ഐ അധ്യക്ഷനായ സൗരവ് ഗാംഗുലി എന്നാണ് സ്‌പോര്‍ട്‌സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിരവധി രാജ്യങ്ങളുടെ പിന്തുണ ഗാംഗുലിക്കുണ്ടെന്നും അതിനാല്‍ തന്നെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഗാംഗുലി എത്താന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, സുപ്രീം കോടതിയുടെ വിധി അനുസരിച്ചാവും ഗാംഗുലിയുടെ ഭാവി തീരുമാനിക്കപ്പെടുക. ബി.സി.സി.ഐയുടെ ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട് കൂളിങ് ഓഫ് പിരിയഡിലാണ് നിലവില്‍ ഗാംഗുലിയും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായും.

തുടര്‍ച്ചയായി മൂന്ന് വര്‍ഷം ബി.സി.സി.ഐയിലോ സംസ്ഥാന അസോസിയേഷനിലോ ഭാരവാഹിത്വം വഹിക്കാന്‍ കഴിയില്ലെന്ന ചട്ടത്തില്‍ ഇളവ് വേണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.

ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച കേസ് പരിഗണിക്കും. വിധി ഇരുവര്‍ക്കുമെതിരായാല്‍ ഗാംഗുലിയും ഷായും തല്‍സ്ഥാനത്ത് നിന്നും ഇറങ്ങേണ്ടി വരും.

ഭരണഘടനാ ഭേദഗതിക്ക് സുപ്രീം കോടതി അംഗീകാരം നല്‍കുകയാണെങ്കില്‍ ഇരുവര്‍ക്കും ബി.സി.സി.ഐയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ തുടരാനും സാധിക്കും.

ബി.സി.സി.ഐ പ്രസിഡന്റാവുന്നതിന് മുമ്പ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറിയായിരുന്നു സൗരവ് ഗാംഗുലി. ഇതിന് ശേഷം 2015 മുതല്‍ 2019 വരെ അസോസിയേഷന്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചിരുന്നു.

ഇതിന് പിന്നാലെ 2019 ഒക്ടോബറിലാണ് ബി.സി.സി.ഐയുടെ തലവനായി ചുമതലയേറ്റത്.

ജയ് ഷായാവട്ടെ 2014 മുതല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം.

Content Highlight:  Sourav Ganguly to leave BCCI and join ICC If Supreme Court Allows Amend Its Constitution – Report

We use cookies to give you the best possible experience. Learn more