| Wednesday, 1st June 2022, 6:25 pm

'പുതിയ കാര്യം തുടങ്ങട്ടെ': വൈറലായി ഗാംഗുലിയുടെ സര്‍പ്രൈസ് ട്വീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ചുറ്റുമുള്ള മനുഷ്യരെ സഹായിക്കാന്‍ പുതിയ കാര്യങ്ങല്‍ തുടങ്ങാന്‍ പദ്ധതിയിടുന്നതായി ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. കരിയറിന്റെ 30-ാം വര്‍ഷത്തിലേക്ക് എത്തിയ വേളയില്‍ പ്രഖ്യാപിച്ച ‘പുതിയ പദ്ധതി’ രാഷ്ട്രീയത്തിലേക്കാണോ എന്ന ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ ചൂടുപിടിക്കുകയാണ്.

2022ല്‍ തന്റെ കരിയറിലെ 30 വര്‍ഷം തികയുകയാണെന്നും ഈ വേളയില്‍ ധാരാളം മനുഷ്യരെ സഹായിക്കാന്‍ സാധിക്കുന്ന പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായാണ് ഗാംഗുലി ട്വിറ്ററില്‍ കുറിച്ചത്. എന്താണ് പുതിയ കാര്യമെന്നത് സംബന്ധിച്ച് വ്യക്തമായ പ്രഖ്യാപനം ഉണ്ടായിട്ടില്ല.

‘1992ല്‍ ആരംഭിച്ച ക്രിക്കറ്റ് ജീവിതം 2022ല്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അന്നുമുതല്‍ ക്രിക്കറ്റ് ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നു. പ്രത്യേകിച്ചും ജനങ്ങളുടെ പിന്തുണ. എന്റെ യാത്രയില്‍ പങ്കാളികളായ എല്ലാ മനുഷ്യരോടും നന്ദി, പിന്തുണച്ചതിനും, ഇന്ന് ഞാന്‍ നേടിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കൂടെനിന്നതിനും.

ഇന്ന് ഒരുപാട് മനുഷ്യര്‍ക്ക് ഉപകാരപ്രദമാകുന്ന പുതിയ ഒരു കാര്യം തുടങ്ങുന്നതിനെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുന്ന വേളയിലും നിങ്ങളുടെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ഗാംഗുലി ട്വീറ്ററില്‍ കുറിച്ചു.

ട്വീറ്റ് പങ്കുവെച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകളും സജീവമാകുകയാണ്. ഗാംഗുലി രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന സൂചനകളും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാംഗുലിയുടെ വീട്ടിലെത്തിയിരുന്നു. വസതി സന്ദര്‍ശനത്തിന് മുന്‍പ് അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ ഗാംഗുലിയുടെ ഭാര്യയും സംഘവുമാണ് നൃത്തം അവതരിപ്പിച്ചത്. രണ്ട് ദിവസത്തെ പശ്ചിമ ബംഗാളില്‍ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ, ബി.ജെ.പി നേതാക്കളായ സുവേന്ദു അധികാരി, അമിത് മാളവ്യ എന്നിവര്‍ക്കൊപ്പമാണ് സൗരവ് ഗാംഗുലിയുടെ വീട്ടില്‍ അത്താഴത്തിന് എത്തിയത്.

അമിത് ഷായെ തനിക്ക് 2008 മുതല്‍ പരിചയമുണ്ടെന്നും അദ്ദേഹത്തിന്റെ മകന്‍ ജയ് ഷായുമായും താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് അതിനപ്പുറത്തേക്ക് അര്‍ത്ഥമില്ലെന്നുമായിരുന്നു അന്ന് ഗാംഗുലിയുടെ പ്രതികരണം.

Content Highlight: sourav Ganguly to join politics? Tweet goes viral in social media

We use cookies to give you the best possible experience. Learn more