നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ടി-20 കിരീടം സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസിലും യു.എസ്.എയിലുമായി നടന്ന ലോകകപ്പില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ എത്തിയത്.
ഇപ്പോഴിതാ വിരാട് കോഹ്‌ലിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍സി രോഹിത്തിന് കൈമാറിയതിന് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.
ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ശര്‍മയെ ഏല്‍പ്പിച്ചപ്പോള്‍ തന്നെ ഒരുപാട് ആളുകള്‍ വിമര്‍ശിച്ചിരുന്നുവെന്നും എന്നാല്‍ രോഹിത്തിന്റെ കീഴില്‍ ഇന്ത്യ ലോകകപ്പ് നേടിയതിനു ശേഷം ഈ വിഷയത്തെക്കുറിച്ച് ആരും സംസാരിച്ചിട്ടില്ലെന്നുമാണ് ഗാംഗുലി പറഞ്ഞത്.
‘ഞാന്‍ രോഹിത്തിന് ക്യാപ്റ്റന്‍സി കൈമാറിയപ്പോള്‍ ഞാന്‍ ഒരുപാട് വിമര്‍ശിക്കപ്പെട്ടു. ഇപ്പോള്‍ അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ ടി-20 ലോകകപ്പ് നേടിയപ്പോള്‍ ആരും എന്നെ അധിക്ഷേപിക്കുന്നില്ല. ഞാന്‍ രോഹിത്തിനെ ക്യാപ്റ്റന്‍ ആക്കിയത് എല്ലാവരും മറന്നു,’ ഗാംഗുലി ആജ്ക്കലിനോട് പറഞ്ഞു.
2021ലായിരുന്നു വിരാട് ഇന്ത്യയുടെ ടി-20 ഫോര്‍മാറ്റില്‍ നിന്നും നായകസ്ഥാനത്ത് നിന്നും ഒഴിഞ്ഞത്. പിന്നീട് ഏകദിനത്തില്‍ നിന്നും വിരാട് ക്യാപ്റ്റന്‍സി ഒഴിയുകയായിരുന്നു. 2022ല്‍ സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പര പരാജയപ്പെട്ടതിനുശേഷമാണ് കോഹ്‌ലി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയത്.
ഇതിന് പിന്നാലെയാണ് രോഹിത്തിനെ ഇന്ത്യന്‍ ടീമിന്റെ മൂന്ന് ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത്. രോഹിത്തിന് കീഴില്‍ 2023 ഏഷ്യാ കപ്പ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതേ വര്‍ഷത്തില്‍ തന്നെ നടന്ന ഐ.സി.സി ഏകദിന ലോകത്തിന്റെ ഫൈനല്‍ വരെ ഇന്ത്യയെ എത്തിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു.
എന്നാല്‍ കലാശ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യയ്ക്ക് കിരീടം നഷ്ടമാവുകയായിരുന്നു. ഇപ്പോള്‍ ടി-20 ലോകകപ്പ് വിജയിച്ചുകൊണ്ട് ഇന്ത്യയുടെ നീണ്ട വര്‍ഷക്കാലത്തെ കിരീട വരള്‍ച്ചയാണ് രോഹിത് അവസാനിപ്പിച്ചത്.
ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ കിരീടം ചൂടിയത്. ഇതോടെ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യക്ക് സ്വന്തമാക്കാന്‍ സാധിച്ചു. ഫൈനലിലെ വിജയത്തോടൊപ്പം ഇന്റര്‍നാഷണല്‍ ടി-20യില്‍ 50 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു.
അതേസമയം ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
Content Highlight: Sourav Ganguly Talks about Rohit Sharma Captaincy