| Monday, 9th September 2024, 8:25 pm

ഭാവിയിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം അവനായിരിക്കും: ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഭാവിയില്‍ ഏറ്റവും മികച്ച താരമായി മാറാന്‍ പന്തിന് സാധിക്കുമെന്നാണ് ഗാംഗുലി പറഞ്ഞത്.

‘റിഷബ് പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായി മാറുമെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം ടീമില്‍ തിരികെയെത്തിയതില്‍ ഞാന്‍ അത്ഭുതപ്പെടുന്നില്ല. അദ്ദേഹം ടെസ്റ്റില്‍ ഇന്ത്യക്കായി കളിക്കുന്നത് തുടരും. ഇപ്പോഴുള്ള പ്രകടനം ഇതേപോലെ അവന്‍ തുടരുകയാണെങ്കില്‍ ഇന്ത്യയുടെ ടെസ്റ്റിലെ എക്കാലത്തെയും മികച്ച താരമായി മാറാന്‍ അവന് സാധിക്കും. എന്നെ സംബന്ധിച്ചിടത്തോളം ചെറിയ ഫോര്‍മാറ്റുകളില്‍ അവന്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്. അവന്റെ കഴിവുകള്‍ കണക്കില്‍ എടുക്കുമ്പോള്‍ കാലക്രമേണ അവന്‍ മികച്ച ഒരു താരമായി മാറുമെന്ന് എനിക്കുറപ്പുണ്ട്,’ ഗാംഗുലിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയ്ക്കായി റെഡ് ബോള്‍ ക്രിക്കറ്റില്‍ 2018 ല്‍ അരങ്ങേറ്റം കുറിച്ച പന്ത് 33 മത്സരങ്ങളില്‍ 56 ഇന്നിങ്‌സുകളില്‍ നിന്നും 2271 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. അഞ്ച് സെഞ്ച്വറികളും 11 അര്‍ധസെഞ്ച്വറികളുമാണ് താരം നേടിയത്.

ഏകദിനത്തില്‍ 31 മത്സരങ്ങളില്‍ നിന്നും 871 റണ്‍സും താരം നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറികളുമാണ് പന്ത് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. ടി-20യില്‍ 76 മത്സരങ്ങളിലാണ് ഇന്ത്യയ്ക്കുവേണ്ടി പന്ത് കളത്തിലിറങ്ങിയിട്ടുള്ളത്. ഇതില്‍ മൂന്ന് ഫിഫ്റ്റി ഉള്‍പ്പെടെ 1209 റണ്‍സും താരം നേടി.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 10 മുതലാണ് ഈ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ബംഗ്ലാദേശിനെ നേരിടാനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ഈ പരമ്പര അവസാനിച്ചാല്‍ ന്യൂസിലാന്‍ഡിനെതിരെയും പിന്നീട് ഓസ്‌ട്രേലിയക്കെതിരെയുമാണ് ഇന്ത്യക്ക് പരമ്പരകള്‍ ഉള്ളത്. ഇതില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയാണ്.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

Content Highlight: Sourav Ganguly Talks About Rishabh Pant

We use cookies to give you the best possible experience. Learn more