|

ആദ്യ ടെസ്റ്റിന് ഇനിയും സമയമുണ്ട്, രോഹിത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവിടെയെത്തും; തുറന്ന് പറഞ്ഞ് ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇനി ഇന്ത്യയുടെ മുന്നിലുള്ള വലിയ റെഡ് ബോള്‍ ഇവന്റാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. ഓസ്‌ട്രേലിയയുമായി നടക്കുന്ന പരമ്പര നവംബര്‍ 22ാണ് ആരംഭിക്കുന്നത്. പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ വമ്പന്‍ മുന്നൊരുക്കത്തിലാണ്.

എന്നാല്‍ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്റെ രണ്ടാം കുഞ്ഞ് ജനിച്ചതോടെ ഓസ്‌ട്രേലിയയിലേക്ക് പോയില്ലായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് സൗരവ് ഗാംഗുലി. ആദ്യ ടെസ്റ്റിന് വേണ്ടി ടീമിനോടൊപ്പം ചേരാന്‍ രോഹിത്തിന് ഇനിയും കഴിയുമെന്നും ടീമിനെ നയിക്കാന്‍ രോഹിത്തിനെ ആവശ്യമാണെന്നും ഗാംഗുലി പറഞ്ഞു.

ഗാംഗുലി രോഹിത്തിനെക്കുറിച്ച് പറഞ്ഞത്

‘ടീമിന് തന്റെ നേതൃത്വം ആവശ്യമുള്ളതിനാല്‍ രോഹിത് ശര്‍മ വളരെ വേഗം പോകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ വെള്ളിയാഴ്ച ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി, ആദ്യ ടെസ്റ്റിന് ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട്. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ആദ്യ ടെസ്റ്റ് കളിക്കുമായിരുന്നു,

ഇതൊരു വലിയ പരമ്പരയാണ്, ഈ പര്യടനത്തിന് ശേഷം അദ്ദേഹം ഓസ്ട്രേലിയയിലേക്ക് പോകില്ല. രോഹിത് മികച്ച ക്യാപ്റ്റനാണ്, തുടക്കം മുതല്‍ ഇന്ത്യയ്ക്ക് അദ്ദേഹത്തിന്റെ നേതൃത്വം ആവശ്യമാണ്,

എനിക്ക് രോഹിത്തിനെ ഒരു ടെസ്റ്റ് ക്യാപ്റ്റനാക്കാന്‍ ആഗ്രഹമില്ലായിരുന്നു, വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അവന്‍ ഒരുപാട് മുന്നിലായിരുന്നു. വര്‍ക്ക് ലോഡ് മാനേജ്മെന്റ് പ്രശ്നമുണ്ടായിരുന്നെങ്കിലും ടെസ്റ്റ് ക്യാപ്റ്റനാകുന്നതിന് മുമ്പ് വിരമിക്കരുതെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു, പക്ഷെ അവന്‍ നേടിയ നേട്ടങ്ങളില്‍ എനിക്ക് അത്ഭുതപ്പെടാനില്ല,’ സൗരവ് ഗാംഗുലി ബോറിയ മജുംദറിനോട് പറഞ്ഞു.

Indian squad for the Border Gavaskar Trophy

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജെയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍

India’s tour of Australia

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.

ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്

Content Highlight: Sourav Ganguly Talking Rohit Sharma