ഏറെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്.
എന്നാല്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഏറെ വെല്ലുവിളികള്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പരാജയപ്പെട്ടതോടെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയരായിരുന്നു.
എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ വീണ്ടും വലിയ വിമര്‍ശനങ്ങളാകും താരങ്ങള്‍ നേരിടേണ്ടി വരിക. മാത്രമല്ല ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന മത്സരങ്ങളില്‍ വിരാടിനും രോഹിത്തിനും തിരിച്ചുവരാനുള്ള അവസരവുമുണ്ട്.
ഇപ്പോള്‍ വിരാട് കോഹ്ലിയെ പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സൗരവ് ഗാംഗുലി. വിരാട് കോഹ്ലിക്ക് ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്നും, ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം വെല്ലുവിളി നിറഞ്ഞതാണെന്നും എന്നാല്‍ വിരാടിന്റെ ഫോമില്‍ ആശങ്കയില്ലെന്നും ഗാംഗുലി പറഞ്ഞു. മികച്ച വൈറ്റ് ബോള്‍ താരമാണ് വിരാട് എന്നും ഗാംഗുലി പറഞ്ഞു.
‘ഓരോ കളിക്കാരനും ശക്തിയും ബലഹീനതയും ഉണ്ട്. എന്നാല്‍ നിങ്ങള്‍ വര്‍ഷങ്ങളായി കളിക്കുമ്പോള്‍ ആ ബലഹീനതകളെ എങ്ങനെ മറികടക്കണം എന്നതാണ് പ്രധാന കാര്യം. വിരാട് കോഹ്ലിക്ക് ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരായ പരമ്പര അവന് വലിയ വെല്ലുവിളിയാകും.
ചാമ്പ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല. ഞാന്‍ പറഞ്ഞതുപോലെ, അവന്‍ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കാരനാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ടൂര്‍ണമെന്റ് നടക്കുന്നതിനാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ അദ്ദേഹം റണ്‍സ് നേടും.
2023ലെ ഏകദിന ലോകകപ്പിലെയും 2024ലെ ടി-20 ലോകകപ്പിലെയും പ്രകടനങ്ങള്‍ കണക്കിലെടുത്ത് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള മികച്ച ടീമാണ് ഇന്ത്യ,’ സൗരവ് ഗാംഗുലി റെവ്‌സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
Content Highlight: Sourav Ganguly Talking About Virat Kohli And Rohit Sharma