നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ കിരീടം നേടുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സിഡ്നി ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ച് മത്സരങ്ങളില്‍ 3-1ന് ഓസീസ് വിജയം സ്വന്തമാക്കുകയായിരുന്നു.
സിഡ്‌നിയില്‍ നടന്ന അവസാന മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ 17 റണ്‍സിന് പുറത്തായ വിരാട് കോഹ്‌ലി രണ്ടാം ഇന്നിങ്സിലും ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തിയാണ് പുറത്തായത്. മത്സരത്തില്‍ രണ്ടാം തവണയും സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ എഡ്ജില്‍ കുരുങ്ങിയാണ് താരം പുറത്തായത്. 12 പന്തില്‍ നിന്ന് ഒരു ഫോര്‍ ഉള്‍പ്പെടെ വെറും ആറ് റണ്‍സാണ് താരം നേടിയത്. പരമ്പരയില്‍ വെറും 190 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം.
ഇപ്പോള്‍ വിരാട് കോഹ്ലിയുടെ മോശം പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായിരുന്ന സൗരവ് ഗാംഗുലി. വിരാട് വലിയ താരമാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നുമാണ് ഗാംഗുലി പറഞ്ഞത്.
‘അവന്‍ വളരെ വലിയ കളിക്കാരനാണ്, പക്ഷെ അദ്ദേഹം അത് പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതില്‍ നിന്ന് കരകയറാന്‍ അവന്‍ ഒരു വഴി കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒന്നോ രണ്ടോ വ്യക്തികളെ മാത്രം ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. എല്ലാവരും റണ്‍സ് സ്‌കോര്‍ ചെയ്യണം. എന്തുതന്നെയായാലും ടീമില്‍ കൂട്ടായ പ്രകടനം നടത്തണം,’ ഗാംഗുലി പറഞ്ഞു.
ബാറ്റിങ് ലൈനപ്പില്‍ യശസ്വി ജെയ്സാള്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ മികവ് പുലര്‍ത്തിയപ്പോള്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.
Content Highlight: Sourav Ganguly Talking About Virat Kohli