ഭാരപരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് അന്താരാഷ്ട്ര കായിക കോടതി മാറ്റിവെച്ചിരുന്നു. ദി കോര്‍ട്ട് ഓഫ് ആര്‍ബിറ്ററേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് അന്തിമ വിധി ചൊവ്വാഴ്ചയ്ക്ക് അകം പുറപ്പെടിയിക്കുമെന്നാണ് അറിയിച്ചത്. വിഷയത്തില്‍ ഇന്ത്യ ഓഗസ്റ്റ് ഏഴിനാണ് കായിക കോടതിക്ക് അപ്പീല്‍ നല്‍കിയത്.
വിനേഷിന് അര്‍ഹമായ മെഡല്‍ ലഭിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ഇന്ത്യന്‍ കായിക ലോകം. ഫൈനലിന് മുമ്പ് നടന്ന ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് താരത്തെ അയോഗ്യയായി പ്രഖ്യാപിച്ചത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വമ്പന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതോടെ നിരവധി കായിക താരങ്ങളും സെലിബ്രിറ്റികളും താരത്തിന് പിന്തുണ നല്‍കി രംഗത്ത് വന്നിരുന്നു.
എന്നാല്‍ എല്ലാവരെയും ദു:ഖത്തിലാഴ്ത്തി വിനേഷ് രാജ്യാന്തര ഗുസ്തിയില്‍ നിന്ന് വിരമിച്ചിരുന്നു. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. വിനേഷിന് വെള്ളി മെഡലെങ്കിലും നല്‍കണം എന്നാണ് മുന്‍ താരം പറഞ്ഞത്.
‘എനിക്ക് കൃത്യമായ നിയമം അറിയില്ല, പക്ഷേ അവള്‍ ഫൈനലില്‍ എത്തിയത് ശരിയായ യോഗ്യത നേടിയാണെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാല്‍ ഫൈനലിലേക്ക് പോകുമ്പോള്‍ സ്വര്‍ണ മെഡലോ വെള്ളി മെഡലോ ഉറപ്പായും ലഭിക്കും. അവളെ അയോഗ്യയാക്കിയത് ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല, പക്ഷേ അവള്‍ വെള്ളി മെഡലെങ്കിലും അര്‍ഹിക്കുന്നു,’ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെക്കുറിച്ച് മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി പറയുന്നു.
50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ക്വാര്‍ട്ടറില്‍ ജപ്പാന്റെ സൂസാക്കി യൂയിയെ പരാജയപ്പെടുത്തിയ താരം സെമിയില്‍ ക്യൂബയുടെ ഗുസ്മന്‍ ലോപസിനെ അനായാസം പരാജയപ്പെടുത്തിയാണ് ഫൈനല്‍ യോഗ്യത നേടിയത്.
വനിതാ ഗുസ്തിയുടെ ഫൈനലില്‍ പ്രവേശിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും വിനേഷ് സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ആരാധകര്‍ സ്വര്‍ണമമെഡല്‍ ഉറപ്പിച്ച സാഹചര്യത്തിലായിരുന്നു വിനേഷ് ഭാരപരിശോധനയില്‍ പരാജയപ്പെടുന്നത്.
Content Highlight: Sourav Ganguly Talking About Vinesh Phogat