| Wednesday, 11th September 2024, 8:07 am

പാകിസ്ഥാന് പണ്ട് മികച്ച താരങ്ങളുണ്ടായിരുന്നു എന്നാല്‍ ഇന്ന് അങ്ങനെയല്ല: മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനെതിരെ റാവല്‍പിണ്ടിയില്‍ നടന്ന രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. ആദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനെ തകര്‍ത്ത് ചരിത്ര വിജയം സ്വന്തമാക്കുന്നത്. തോല്‍വിയെത്തുടര്‍ന്ന് പാകിസ്ഥാന് വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി പാകിസ്ഥാന്‍ ടീമിന്റെ അടുത്ത കാലങ്ങളിലായുള്ള തകര്‍ച്ചയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. വഖാര്‍ യൂനിസ്, വസീം അക്രം, ജാവേദ് മിയാന്‍ദാദ് തുടങ്ങിയ മികച്ച താരങ്ങള്‍ പാകിസ്ഥാന്റെ അടയാളമായിരുന്നെന്നും എന്നാല്‍ നിലവിലെ ടീമിന് നിലവാരമില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന ഐ.സി.സി ഇവന്റുകളില്‍ ഒന്നിലും പാകിസ്ഥാന് മികവ് പുലര്‍ത്താന്‍ സാധിക്കാത്തതിനെക്കുറിച്ചും പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അലംഭാവവും ഗാംഗുലി ചൂണ്ടിക്കാണിച്ചു.

‘പണ്ട് പാകിസ്ഥാനില്‍ ഒരുപാട് പ്രതിഭകള്‍ ഉണ്ടായിരുന്നു. മിയാന്‍ദാദ്, വസീം, വഖാര്‍, സയീദ് അന്‍വര്‍, മുഹമ്മദ് യൂസഫ്, യൂനിസ് ഖാന്‍ എന്നിവര്‍ ടീമിനായി കളിച്ചു. അവര്‍ മാച്ച് വിന്നര്‍മാരായിരുന്നു, എന്നാല്‍ ഇപ്പോഴത്തെ ടീമില്‍ അത്തരം കളിക്കാരെയൊന്നും ഞാന്‍ കാണുന്നില്ല.

ആ പാകിസ്ഥാന്റെ ഓര്‍മ എനിക്കുണ്ട്, എന്നാല്‍ ആധുനിക തലമുറയിലെ താരങ്ങള്‍ മത്സരങ്ങള്‍ ജയിക്കുന്നില്ല. ഓരോ തലമുറയും മികച്ച പ്രകടനം നടത്തുന്ന ക്രിക്കറ്റ് കളിക്കാരെ സൃഷ്ടിക്കേണ്ടതുണ്ട്. പാകിസ്ഥാന്റെ കാര്യത്തില്‍ അവര്‍ ഒരു പരമ്പരയിലും ഐ.സി.സി ടൂര്‍ണമെന്റുകളിലും പ്രകടനം നടത്തിയിട്ടില്ല. അവരുടെ കളി അപ്രത്യക്ഷമായി.

പാകിസ്ഥാനില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകള്‍ പോരായ്മകള്‍ പരിഹരിക്കേണ്ടിവരും. ഞാന്‍ അനാദരവ് കാണിക്കാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ മുന്‍കാലങ്ങളിലെ പാകിസ്ഥാനില്‍ മികച്ച കളിക്കാര്‍ ഉണ്ടായിരുന്നു, അത് ഞാന്‍ ഇപ്പോള്‍ കാണുന്നില്ല,’ അദ്ദേഹം പറഞ്ഞു.

ഇനി പാകിസ്ഥാന് മുന്നിലുള്ളത് സ്വന്തം തട്ടകത്തില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ്. ഒക്ടോബര്‍ ഏഴിനാണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 15 മുതല്‍ 19 വരെയും അവസാന ടെസ്റ്റ് 24 മുതല്‍ 28 വരെയുമാണ്.

നിലവില്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍  19.05 റേറ്റിങ് പോയിന്റുമായി പാകിസ്ഥാന്‍ എട്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് ഇന്ത്യയുടെ ആധിപത്യം തുടരുകയാണ്.

Content Highlight: Sourav Ganguly Talking About Pakistan Cricket

We use cookies to give you the best possible experience. Learn more