| Tuesday, 10th September 2024, 1:21 pm

ആ നാല് പേരും ലോകത്തിലെ മികച്ച സ്പിന്നര്‍മാരാണ്; ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പര നടക്കാനിരിക്കുകയാണ്. സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

ഇതോടെ 16 അംഗ താരങ്ങല്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സ്‌ക്വാഡും പുറത്ത് വിട്ടിരുന്നു. ഇന്ത്യയില്‍ ബംഗ്ലാദേശ് സ്പിന്‍ ബൗളിങ്ങിനെതിരെ ബുദ്ധിമുട്ടാന്‍ സാധ്യതയുണ്ടെന്നും ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ലോകത്തിലെ മികച്ച സ്പിന്നര്‍മാരാണെന്നും മുന്‍ താരം പറഞ്ഞു.

‘ഇന്ത്യയില്‍ കൂടുതല്‍ സ്പിന്നിനാണ് പ്രാധാന്യം. ചെന്നൈയില്‍ നിങ്ങള്‍ കൂടുതല്‍ ബൗണ്‍സ് കാണും. അശ്വിന്‍, ജഡേജ, അക്‌സര്‍, കുല്‍ദീപ് എന്നിവരാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച നാല് സ്പിന്നര്‍മാര്‍. അവര്‍ക്കെതിരെ കളിക്കുന്നത് എളുപ്പമായിരിക്കില്ല. നിങ്ങള്‍ ഇന്ത്യയില്‍ കളിക്കുമ്പോള്‍, സ്പിന്നര്‍മാര്‍ക്ക് കളിയില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്, പക്ഷേ ഇന്ത്യ വളരെ മികച്ച ടീമാണ്,’ഗാംഗുലി ചൂണ്ടിക്കാട്ടി.

സ്പിന്നര്‍മാരെ പരിഗണിച്ചുകൊണ്ടുള്ള മികച്ച സ്‌ക്വാഡാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ കരുതിവെച്ചിരിക്കുന്നത്. അതേസമയം പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ബംഗ്ലാദേശ് തൂത്തുവാരിയിരുന്നു.

ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെയും രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെയും വിജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ഇതോടെ വലിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യക്കെതിരെ കടുവകള്‍ ഇറങ്ങുന്നത്.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

Content Highlight: Sourav Ganguly Talking About Indian Spin Bowlers

We use cookies to give you the best possible experience. Learn more