ബംഗ്ലാദേശിനെതിരെ ഇന്ന് നടക്കുന്ന സൗഹൃദ മത്സരത്തോടെയാണ് ഇന്ത്യ ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ഇതിനായി ഇന്ത്യന്‍ ടീം നേരത്തെ ന്യൂയോര്‍ക്കിലെ ഈസ്റ്റ് മെഡോ സ്റ്റേഡിയത്തില്‍ എത്തുകയും പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു. നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മേല്‍ നോട്ടത്തിലാണ് ഇന്ത്യ.
എന്നാല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കുന്നതോടെ ജൂലൈ മുതല്‍ 2027 ഡിസംബര്‍ വരെ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ആരാണ് എത്തുക എന്ന് വ്യക്തമല്ല. നിരവധി പേര്‍ പരിശീലക സ്ഥാനത്തേക്ക് ആപ്ലിക്കേഷന്‍ അയച്ചിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ സജീവമാണ്. ഐ.പി.എല്ലില്‍ 2024ലില്‍ കൊല്‍ക്കത്തയുടെ മെന്‍ഡറായി ഗംഭീര്‍ തിരിച്ചെത്തിയതോടെ ഫ്രാഞ്ചൈസി മൂന്നാം കിരീടം നേടിയിരുന്നു.
ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായി എത്തുമെന്ന് ഏറെ കുറെ ഉറപ്പായതോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഗംഭീറിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
‘ഗംഭീര്‍ നല്ല സ്ഥാനാര്‍ത്ഥിയാണ്. എന്നിരുന്നാലും നിങ്ങള്‍ ഒരു ഐ.പി.എല്‍ ഫ്രാഞ്ചൈസിയെ പരിശീലിപ്പിക്കുന്നതോ ഉപദേശിക്കുന്നതോ പോലെയല്ല ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത്, അതില്‍ വ്യത്യാസമുണ്ട്. ഗംഭീറിന് അത് അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും എങ്ങനെ ഡീല്‍ ചെയ്യണമെന്ന് അറിയണം. ഇത് നിങ്ങളുടെ സ്വന്തം ചിന്താ പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചല്ല, മറിച്ച് എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകുന്നതിനാണ്,’ സൗരവ് ഗാംഗുലി റെവ്‌സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
പരിശീലകനെ വിവേകത്തോടെ തെരഞ്ഞെടുക്കണം എന്ന രീതിയില്‍ ബി.സി.സി.ഐക്ക് പരോക്ഷ സന്ദേശം നല്‍കി ഗാംഗുലി എക്സില്‍ നേരത്തെ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
അതേസമയം ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യ ലോകകപ്പിന് ഒരുങ്ങുമ്പോള്‍ ഏവരും പ്രതീക്ഷയിലാണ്. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ദ്രാവിഡ് ഫൈനലില്‍ എത്തിച്ചിരുന്നു. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. 2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്.
Content Highlight: Sourav Ganguly Talking About Gautham Gambhir