കെ.എൽ.രാഹുൽ മാത്രമല്ല മോശമായി കളിച്ചിട്ടുള്ള ഇന്ത്യൻ താരം; താരത്തെ പിന്തുണച്ച് ഇന്ത്യൻ ഇതിഹാസം
Cricket news
കെ.എൽ.രാഹുൽ മാത്രമല്ല മോശമായി കളിച്ചിട്ടുള്ള ഇന്ത്യൻ താരം; താരത്തെ പിന്തുണച്ച് ഇന്ത്യൻ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th February 2023, 8:22 pm

ബോർഡർ-ഗവാസ്കർ ട്രോഫിയിൽ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ആദ്യ ടെസ്റ്റ് ഇന്നിങ്സിനും 132 റൺസിനും വിജയിച്ച ഇന്ത്യൻ ടീം  രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്സിൽ 263 റൺസെടുത്ത് പുറത്തായ ഓസീസിനെതിരെ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ടീം 262 റൺസിന് പുറത്തായിരുന്നു.

ശേഷം രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 113 റൺസിന് ഒതുക്കാൻ കഴിഞ്ഞതോടെയാണ് ഇന്ത്യൻ ടീമിന്റെ വിജയം അനായാസമായത്.
115 റൺസിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യൻ ടീം ആറ് വിക്കറ്റുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.


31 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ, 31 റൺസെടുത്ത് പുറത്താവാതെ നിന്ന ചേതേശ്വർ പുജാര എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് ഇന്ത്യൻ ടീം വിജയ ലക്ഷ്യം മറികടന്നത്.

എന്നാൽ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മത്സരങ്ങളിലും അതിന് മുമ്പുള്ള മത്സരങ്ങളിലും മോശം പ്രകടനം കാഴ്ച വെച്ചതോടെ രാഹുലിനെതിരെ രൂക്ഷ വിമർശനങ്ങളായിരുന്നു ഉയർന്ന് വന്നിരുന്നത്. ആരാധകർ മുതൽ ക്രിക്കറ്റ് പണ്ഡിതർ വരെ താരത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

എന്നാലിപ്പോൾ രാഹുലിന്റെ വിമർശകർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി.
ബാറ്റർമാർക്ക് എപ്പോഴും സ്ഥിരതയോടെ കളിക്കാൻ സാധിക്കില്ലെന്നും ഹോം സാഹചര്യത്തിൽ അടിപതറുന്ന ബാറ്റർമാരെയാണ് മോശം ബാറ്റർ എന്ന് പറയുന്നതെന്നുമാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്.

“ഇന്ത്യൻ സാഹചര്യങ്ങളിൽ നിങ്ങൾക്ക് നന്നായി സ്കോർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾ ഒരു മോശം ബാറ്ററാണെന്ന് പറയാം. എന്നാൽ കെ.എൽ.രാഹുൽ മാത്രമല്ല അത്തരത്തിലുള്ള താരം. മുമ്പും അത്തരത്തിലുള്ള താരങ്ങൾ ഉണ്ടായിട്ടുണ്ട്,’ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ഗാംഗുലി പറഞ്ഞു.

“ഇന്ത്യൻ സാഹചര്യങ്ങളിൽ കളിക്കുന്നത് ബാറ്റർമാർക്കെതിരെ വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. ക്യാപ്റ്റനും കോച്ചും എന്ത് വിചാരിക്കുമെന്നതും കളിക്കാർക്ക് സമ്മർദ്ദമുണ്ടാക്കുന്ന കാര്യങ്ങളിലൊന്നാണ്,’ ഗാംഗുലി കൂട്ടിച്ചേർത്തു.

ഒമ്പത് വർഷങ്ങളിൽ നിന്നും അഞ്ച് സെഞ്ച്വറികൾ മാത്രമാണ് രാഹുൽ സ്വന്തമാക്കിയത്. കൂടാതെ അവസാന പത്ത് ഇന്നിങ്‌സുകളിൽ നിന്നും 25 റൺസിൽ കൂടുതൽ നേടാനും രാഹുലിന് സാധിച്ചിട്ടില്ല.

അതേസമയം ബോർഡർ ഗവാസ്കർ ട്രോഫിയിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒരു സമനില നേടാൻ സാധിച്ചാൽ തന്നെ ഇന്ത്യക്ക് ബോർഡർ ഗവാസ്കർ ട്രോഫി സ്വന്തമാക്കാൻ സാധിക്കും.

പരമ്പര വിജയിച്ചാൽ മാത്രമേ ഇന്ത്യൻ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കളിക്കാൻ അവസരം ലഭിക്കുകയുള്ളൂ.

 

Content Highlights:Sourav Ganguly supports K.L.rahul