ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തെ തന്നെ മാറ്റി മറിച്ച മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വിരേന്ദര്‍ സെവാഗ് എന്ന വീരു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗിനെ അടുത്തിടെ ഐ.സി.സി ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തിയിരുന്നു. സേവാഗിന്റെ നേട്ടത്തോട് പ്രതികരിച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സൗരവ് ഗാംഗുലി തന്റെ ഓപ്പണിങ് പങ്കാളിയെ പ്രശംസിക്കുകയും സുനില്‍ ഗവാസ്‌കറിന് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്ററായി അദ്ദേഹത്തെ വാഴ്ത്തുകയും ചെയ്തു.
‘ടെസ്റ്റ് ക്രിക്കറ്റില്‍ നിങ്ങള്‍ ബാറ്റിങ് ചെയ്യുന്ന രീതി വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. പ്രത്യേകിച്ച് ഓപ്പണിങ് കൈകാര്യം ചെയ്യുന്നതില്‍. അസാധാരണമായ രീതിയിലാണ് നിങ്ങള്‍ റണ്‍സ് നേടി കഴിവ് പ്രകടിപ്പിച്ചത്. ഇതിഹാസതാരം സുനില്‍ ഗവാസ്‌കറിന് ശേഷം എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്ററാണ് നിങ്ങള്‍,’ സൗരവ് ഗാംഗുലി പറഞ്ഞു.
വിരേന്ദര്‍ സേവാഗിന്റെ എല്ലാ ഫോര്‍മാറ്റുകളിലും ഉള്ള കളികള്‍ ഗാംഗുലി ആസ്വദിച്ചുവെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവ് തന്നെയാണ് എന്നാണ് ഗാംഗുലി പറയുന്നത്. ട്വന്റി- ട്വന്റി പോലെ ടെസ്റ്റ് കളിക്കുന്ന വിരേന്ദര്‍ സെവാഗിനെ ഒരു ക്രിക്കറ്റ് ആരാധകരും മറന്നുകാണില്ല. ക്രിക്കറ്റ് കരിയറില്‍ വീരു ട്രിപ്പിള്‍ സെഞ്ച്വറികള്‍ നേടിയത് രണ്ട് തവണയായിരുന്നു. അദ്ദേഹത്തിന്റെ ആക്രമിച്ച് കളിക്കുന്ന രീതി എല്ലാ ക്രിക്കറ്റ് ആരാധകരെയും അമ്പരപ്പിക്കുന്നതായിരുന്നു.
‘മുള്‍ട്ടാനില്‍ നിങ്ങള്‍ നേടിയ ട്രിപ്പിള്‍ സെഞ്ച്വറിയാണ് ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സ്. ഏതു സാഹചര്യത്തിലും നിങ്ങള്‍ അത് നേടുമായിരുന്നു. 200ലും 300ലും എത്താന്‍ നിങ്ങള്‍ രണ്ട് തവണ സിക്‌സര്‍ അടിച്ചത് എങ്ങനെയാണെന്ന് എനിക്ക് മനസിലാകുന്നില്ല അത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. നിങ്ങള്‍ അത് ആ രീതിയില്‍ തന്നെ നേടാനാണ് പദ്ധതി ഇട്ടതെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു,’
സെവാഗ് 14 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ 17000 റണ്‍സില്‍ അധികം നേടുകയും 2011ലെ ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിന് നിര്‍ണായ പങ്കുവഹിക്കുകയും ചെയ്തിരുന്നു.
Content Highlight: Sourav Ganguly Says Virender Sehwag Is Best Opening Batsman After Sunil Gavaskar