രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വരാനിരിക്കുന്ന ടി-ട്വന്റി ലോകകപ്പില്‍ ടീമിന്റെ ഭാഗമാകുമെന്ന് സ്ഥിരീകരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗാംഗുലി. ഇന്ത്യന്‍ ടീമിന്റെ നിര്‍ണായകമായ രണ്ട് ബാറ്റര്‍മാരാണ് ഇരുവരും. ക്യാപ്റ്റന്‍സിയിലും കഴിവിലും കോഹ്‌ലിയും രോഹിത്തും മികച്ചു നില്‍ക്കുന്ന താരങ്ങളാണ്. എന്നാല്‍ ഇരുവരും അടുത്തിടെ ടി-ട്വന്റി ക്രിക്കറ്റില്‍ നിന്നും വിട്ടു നിന്നിരുന്നു. ഇത് ഇരുവരുടേയും ടി-ട്വന്റി ഭാവിയെക്കുറിച്ച് ഏറെ ആശങ്കകല്‍ ഉണ്ടാക്കിയിരുന്നു.
എന്നാല്‍ 2024ലെ ടി-ട്വന്റി ടൂര്‍ണമെന്റില്‍ ഇരുവരുടേയും സാനിധ്യത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ടി-ട്വന്റി ലോകകപ്പില്‍ ഇരുവരും ഇന്ത്യന്‍ ജേഴ്‌സി ധരിക്കുമെന്നാണ് ഗാംഗുലി മാധ്യമങ്ങളോട് ഉറപ്പിച്ച് പറഞ്ഞത്.
‘ അവര്‍ ലോകകപ്പില്‍ നന്നായി കളിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിര്‍ണായക ഘടകമാണ് അവര്‍. ലോകകപ്പ് സാധാരണ പരമ്പരകളില്‍ നിന്ന് വ്യത്യസ്തമാണ്. ടൂര്‍ണമെന്റിന് സമ്മര്‍ദ്ദം കൂടുതലാണ്. ഈ ലോകകപ്പില്‍ അവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, ആറ് മുതല്‍ ഏഴ് മാസത്തിനുള്ളില്‍ വെസ്റ്റ് ഇന്‍ഡീസില്‍ അവര്‍ വീണ്ടും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ടി-ട്വന്റി ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് അഫ്ഗാനിസ്ഥാനുമായുള്ള മൂന്ന് ടി-ട്വന്റി പരമ്പയാണ് ബാക്കിയുള്ളത്. ജനുവരി 11 മുതലാണ് അഫ്ഗാനിസ്ഥാനെതെിരായ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര ആരംഭിക്കുന്നത്. മെഗാ ഇവന്റിന് മുമ്പുള്ള ഹോം പരമ്പര ഏറെ നിര്‍ണായകമാണ്. എന്നാല്‍ പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. കോഹ്‌ലിയേയും രോഹിത്തിനെയും ടീമില്‍ ഉള്‍പ്പെടത്തുന്നതിനെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ പുതിയ അപ്‌ഡേറ്റുകള്‍ പറയുന്നതനുസരിച്ച് രോഹിത് ടീമിനെ നയിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വ്യക്തമാകുന്നത്.
2022ലെ ടി-ട്വന്റി ലോകകപ്പിലാണ് അവസാനമായി രോഹിതും കോഹ്‌ലിയും പങ്കെടുത്തത്. അതിന് ശേഷം ഇരുവരും ചെറിയ ഫോര്‍മാറ്റ് കളിച്ചിട്ടില്ല. വരാനിരിക്കുന്ന ടി-ട്വന്റിയില്‍ ഇരുവരുടേയും തിരിച്ചുവരവിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.