| Wednesday, 17th May 2023, 11:46 am

സൗരവ് ഗാംഗുലിയുടെ സുരക്ഷ വര്‍ധിപ്പിക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ സുരക്ഷ വര്‍ധിപ്പിക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റ്. ഗാംഗുലിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ അറിയിക്കുകയായിരുന്നു.

ഗാംഗുലിക്ക് നല്‍കിയിരുന്ന ‘വൈ’ കാറ്റഗറി സുരക്ഷയുടെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. പുതിയ സുരക്ഷാ ക്രമീകരണം അനുസരിച്ച് എട്ട് മുതല്‍ പത്ത് വരെ പൊലീസുകാര്‍ ഗാംഗുലിയുടെ സുരക്ഷക്കായി ഉണ്ടാകും.

‘ വി.വി.ഐ.പിയുടെ സെക്യൂരിറ്റി കാലാവധി അവസാനിച്ചതിനാല്‍ പ്രോട്ടോകോള്‍ അനുസരിച്ച് അവലോകനം നടത്തുകയും ഗാംഗുലിയുടെ സുരക്ഷ കാറ്റഗറി ഇസഡ് ആക്കി ഉയര്‍ത്തുകയും ചെയ്തു,’ അധികൃതര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

വൈ കാറ്റഗറിയില്‍ മൂന്ന് പൊലീസുകാരും അത്രത്തന്നെ നിയമപാലകരുമായിരുന്നു ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഗാംഗുലിയുടെ ബെഹല ഓഫീസില്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് പ്രതിനിധിയും കൊല്‍ക്കത്ത പൊലീസ് ഉദ്യോഗസ്ഥരും സംയുക്തമായി ചേര്‍ന്ന് നടത്തിയ യോഗത്തിലായിരുന്നു തീരുമാനം.

നിലവില്‍ ഗാംഗുലി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തന്റെ ടീമായ ഡെല്‍ഹി ഡെയര്‍ ഡെവില്‍സിനൊപ്പം യാത്രയിലാണെന്നും മെയ് 21ന് അദ്ദേഹം കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയതിന് ശേഷം ഇസഡ് കാറ്റഗറി സുരക്ഷ നടപ്പിലാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ്, തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും നാഷണല്‍ സെക്രട്ടറിയുമായ അഭിഷേക് അഭിഷേക് ബാനര്‍ജി എന്നിവര്‍ക്ക്  ഇസഡ് പ്ലസ് സെക്യൂരിറ്റിയും മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം മൊലോയ് ഗടക് എന്നിവര്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷയുമാണ് ലഭിക്കുന്നത്.

Content Highlights: Sourav Ganguly’s security will be upgraded to the Z category by the West Bengal Government

We use cookies to give you the best possible experience. Learn more