കിരീടമില്ലാത്ത ക്യാപ്റ്റനായിരിക്കാം, പക്ഷേ... 20 വര്‍ഷവും 19 ICC ടൂര്‍ണമെന്റും കഴിഞ്ഞിട്ടും ദാദയെ തൊടാന്‍ ഒരുത്തനുമില്ല
Sports News
കിരീടമില്ലാത്ത ക്യാപ്റ്റനായിരിക്കാം, പക്ഷേ... 20 വര്‍ഷവും 19 ICC ടൂര്‍ണമെന്റും കഴിഞ്ഞിട്ടും ദാദയെ തൊടാന്‍ ഒരുത്തനുമില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd October 2023, 1:40 pm

വീണ്ടും മറ്റൊരു ലോകകപ്പ് വന്നെത്തിയിരിക്കുകയാണ്. 2011ന് ശേഷം ഇന്ത്യന്‍ മണ്ണിലെത്തിയ ലോകകപ്പില്‍ വെച്ചുതന്നെ നാളുകളായി ഐ.സി.സി കിരീടങ്ങളില്ല എന്ന പോരായ്മ പരിഹരിക്കുകയായിരിക്കും ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. 2013 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം പല ടൂര്‍ണമെന്റുകളുടെ നോക്ക് ഔട്ടിലെത്തിയെങ്കിലും കിരീടം മാത്രം ഇന്ത്യയില്‍ നിന്നും അകന്നുനിന്നു.

എന്നാല്‍ ഇത്തവണ അതിന് മാറ്റമുണ്ടാകുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. മികച്ച ഫോമില്‍ ബാറ്റിങ് തുടരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തുമെന്നാണ് ഇന്ത്യയൊന്നാകെ പ്രതീക്ഷിക്കുന്നത്.

രോഹിത് ശര്‍മയുടെ ബാറ്റിങ് കരുത്ത് തന്നെയാണ് ഇന്ത്യയുടെ വജ്രായുധങ്ങളിലൊന്ന്. ലോകകപ്പില്‍ സെഞ്ച്വറികളും മികച്ച കൂട്ടുകെട്ടുകളും രോഹിത് പടുത്തുയര്‍ത്തുമെന്ന് തന്നെയാണ് ആരാധകരുടെ ഉറച്ച പ്രതീക്ഷ.

ഈ ലോകകപ്പില്‍ സെഞ്ച്വറി നേടാന്‍ സാധിച്ചാല്‍ രോഹിത്തിനെ സംബന്ധിച്ച് അതൊരു ചരിത്ര നേട്ടം തന്നെയായിരിക്കും. കാരണം മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിക്ക് ശേഷം ഒരു ഇന്ത്യന്‍ ക്യാപ്റ്റനും ലോകകപ്പിലോ ഐ.സി.സി ബിഗ് ഇവന്റുകളിലോ ഇന്ത്യക്കായി സെഞ്ച്വറി നേടിയിട്ടില്ല.

ഇന്ത്യയെ കിരീടമണിയിക്കാത്ത ക്യാപ്റ്റനാണെങ്കിലും ആ ക്യാപ്റ്റന്‍ അടിത്തറയിട്ട ടീമുകളാണ് ഇന്ത്യക്ക് ലോകകപ്പ് ട്രോഫികള്‍ നേടിത്തന്നത്. ലോകകപ്പ് കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും ഒരു ബാറ്ററെന്ന നിലയില്‍ ഇന്ത്യയെ മുന്നില്‍ നിന്നും നയിക്കാന്‍ ഗാംഗുലിയോളം മറ്റൊരു ക്യാപ്റ്റനും സാധിച്ചിട്ടില്ല. താരത്തിന്റെ ബാറ്റിങ് റെക്കോഡുകള്‍ ഇത് വ്യക്തമാക്കുന്നതാണ്.

ഐ.സി.സി ടൂര്‍ണമെന്റുകളുടെ ചരിത്രത്തില്‍ ഏഴ് തവണ മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍ സെഞ്ച്വറി തികച്ചത്. ഇതില്‍ ആറ് തവണയും സെഞ്ച്വറി നേടിയത് ഗാംഗുലിയായിരുന്നു!

 

 

1983ല്‍ കപില്‍ ദേവ് ഗ്രൂപ്പ് ഘട്ടത്തില്‍ നേടിയ 175*ന് ശേഷം ആ നേട്ടമാവര്‍ത്തിക്കാന്‍ ഗാംഗുലിയല്ലാതെ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. ദ്രാവിഡും ധോണിയും വിരാടുമെല്ലാം വന്നെങ്കിലും ദാദയുടെ തട്ട് താണുതന്നെ നിന്നു.

ഐ.സി.സി ഇവന്റുകളില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍

(താരം – റണ്‍സ് – ഇവന്റ് എന്നീ ക്രമത്തില്‍)

കപില്‍ ദേവ് – 175* – 1983 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം

സൗരവ് ഗാംഗുലി – 141* – 2000 ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനല്‍

സൗരവ് ഗാംഗുലി – 117 – 2000 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍

സൗരവ് ഗാംഗുലി – 117* – 2002 ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ഘട്ടം

സൗരവ് ഗാംഗുലി – 112* – 2003 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം

സൗരവ് ഗാംഗുലി – 107* – 2003 ലോകകപ്പ് സൂപ്പര്‍ സിക്‌സ്

സൗരവ് ഗാംഗുലി – 111* – 2003 ലോകകപ്പ് സെമി ഫൈനല്‍

2003 ലോകകപ്പിന് ശേഷം 20 വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും 19 ഐ.സി.സി ഇവന്റുകളില്‍ ഇന്ത്യ കളിച്ചെങ്കിലും ഒറ്റ ഇന്ത്യന്‍ നായകന് പോലും ട്രിപ്പിള്‍ ഡിജിറ്റ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

 

 

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ ക്യാപ്റ്റനും ഏറ്റവുമധികം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം (4) നേടിയ ക്യാപ്റ്റനും ഗാംഗുലി തന്നെയാണ്. 2023 ലോകകപ്പിനിറങ്ങുമ്പോള്‍ ഈ റെക്കോഡുകളെല്ലാം തന്നെ രോഹിത്തിന് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്.

ലോകകപ്പില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും രോഹിത് ശര്‍മക്ക് സമ്മര്‍ദങ്ങളേറെയാണെങ്കിലും അതെല്ലാം അതിജീവിച്ച് ഇന്ത്യയെ മൂന്നാം തവണയും ലോകത്തിന് നെറുകിലെത്താന്‍ ഹിറ്റ്മാന് സാധിക്കട്ടെ എന്നാണ് ആരാധകര്‍ പ്രത്യാശിക്കുന്നത്.

 

Content Highlight: Sourav Ganguly’s record in ICC events