|

ഇന്ത്യ പാകിസ്ഥാനില്‍ കളിച്ചിരുന്നേല്‍ ഇതിലും വലിയ സ്‌കോര്‍ നേടുമായിരുന്നു; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

2025 ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ സെമി ഫൈനല്‍ മത്സരം ഇന്ന് (മാര്‍ച്ച് 4) നടക്കും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വമ്പന്‍മാരായ ഇന്ത്യയും ഓസ്ട്രേലിയയുമാണ് ഏറ്റുമുട്ടുന്നത്. മെഗാ ക്ലാഷ് മത്സരത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്.

രാഷ്ട്രീയ സുരക്ഷാ കാരണങ്ങളാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായില്‍ നടത്താന്‍ ഐ.സി.സി തീരുമാനിച്ചത്. എന്നാല്‍ ഒരേ പിച്ചില്‍ കളിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് മുന്‍ ഇംഗ്ലണ്ട് താരങ്ങളായ നാസര്‍ ഹുസൈനും മൈക്കല് ആതര്‍ടണും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

ഇപ്പോള്‍ ഇരുവര്‍ക്കും മറുപടി നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സൗരവ് ഗാംഗുലി. പാകിസ്ഥാനിലെ പിച്ചുകള്‍ മികച്ചതാണെന്നും ഇന്ത്യയ്ക്ക് അവിടെ കളിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ദുബായില്‍ നേടുന്നതിനേക്കാള്‍ മികച്ച സ്‌കോര്‍ നേടുമായിരുന്നു എന്നും ഗാംഗുലി പറഞ്ഞു.

‘പാകിസ്ഥാനിലെ പിച്ചുകള്‍ മികച്ച സാഹചര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ അവിടെ ഇതിലും വലിയ സ്‌കോര്‍ നേടുമായിരുന്നു,’ ഗാംഗുലി പറഞ്ഞു.

മാത്രമല്ല സെമി ഫൈനലിനോട് അനുബന്ധിച്ച് കഴിഞ്ഞ (തിങ്കള്‍) ദിവസം നടന്ന പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞു. ഒരേ ഗ്രൗണ്ടില്‍ കളിക്കുന്നത് ഇന്ത്യക്ക് ആനുകൂല്യങ്ങള്‍ ഒന്നും നല്‍കില്ലെന്ന് രോഹിത് പറഞ്ഞു. വ്യത്യസ്ത പിച്ചുകളിലാണ് മത്സരം നടക്കുന്നതെന്നും ഓരോ തവണയും ലഭിക്കുന്ന പിച്ച് വെല്ലുവിളിയാണെന്നുമാണ് രോഹിത് ചൂണ്ടിക്കാണിച്ചത്.

‘ഓരോ തവണയും പിച്ച് നിങ്ങള്‍ക്ക് വ്യത്യസ്തമായ വെല്ലുവിളിയാണ് നല്‍കുക. ഇവിടെ കളിച്ച മൂന്ന് മത്സരങ്ങളിലും പിച്ച് വ്യത്യാസമായിരുന്നു. ഇത് ഞങ്ങളുടെ ഹോം ഗ്രൗണ്ട് അല്ല, ഇത് ദുബായ് ആണ്. ഇവിടെ ഞങ്ങള്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഇതും (സെമി ഫൈനല്‍) ഞങ്ങള്‍ക്ക് പുതിയ മത്സരമാണ്. ഇവിടെ നാലോ അഞ്ചോ പിച്ചുണ്ട്. സെമി ഫൈനലിന് ഏതാണ് ഉപയോഗിക്കുക എന്ന് അറിയില്ല. പക്ഷേ എന്തുതന്നെ സംഭവിച്ചാലും അതിനോട് പൊരുത്തപ്പെടേണ്ടി വരും,’ രോഹിത് പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ നോക്ക്ഔട്ടിലേക്ക് കടന്നിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആറ് പോയിന്റ് സ്വന്തമാക്കിയ ഏക ടീമും ഇന്ത്യ മാത്രമാണ്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസീസിനെതിരെ ബാക്കിവെച്ച കണക്കുകള്‍ തീര്‍ക്കാനുള്ള അവസരവും ഇന്ത്യയ്ക്ക് മുന്നിലുണ്ട്.

ശക്തരായ ഇന്ത്യയോട് പൊരുതാന്‍ ഓസ്ട്രേലിയ വിയര്‍ക്കുമെന്നത് ഉറപ്പാണ്.
സെമി ഫൈനലില്‍ യോഗ്യത നേടിയെങ്കിലും വമ്പന്‍ തിരിച്ചടിയാണ് ഓസ്‌ട്രേലിയയ്ക്ക് നേരിടേണ്ടി വന്നത്. ആറ് പ്രധാന കളിക്കാരില്ലാതെയാണ് ഓസീസ് കളത്തിലിറങ്ങുന്നത്.

ഓസീസ് ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ വിരമിക്കലിന് ശേഷം ഓസ്‌ട്രേലിയയ്ക്ക് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, കാമറോണ്‍ ഗ്രീന്‍ എന്നീ സൂപ്പര്‍ താരങ്ങളെ പരിക്ക് മൂലം നേരത്തെ നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റ് ഓസീസ് ഓപ്പണര്‍ മാത്യു ഷോട്ടിന്റെ വിടവും ഓസീസിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.

Content Highlight: Sourav Ganguly reacts to the controversy

Latest Stories

Video Stories