ഐ.സി.സി ടി-20 ലോകകപ്പിന്റെ ആവേശകരമായ ഫൈനല്‍ നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തീ പാറുന്ന പോരാട്ടമാകുമെന്ന് ഉറപ്പാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇരുടീമുകളും ഫൈനലിലേക്ക് മുന്നേറിയത്.
അപരാജിതമായ ഇന്ത്യയുടെ വിജയക്കുതിപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. മാത്രമല്ല ആറ് മാസം മുമ്പ് നടന്ന ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് താരത്തെ നീക്കം ചെയ്തതിനെക്കുറിച്ചും മുന്‍ താരം പരിഹസിച്ച് സംസാരിച്ചിരുന്നു.
‘രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ഞാന്‍ വളരെ സന്തുഷ്ടനാണ്. ലൈഫ് ഇങ്ങനെയൊരു വട്ടംപോലെ ചുറ്റിവരും. ആറുമാസം മുമ്പ് ഐ.പി.എല്ലിലെ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ നായകസ്ഥാനം നഷ്ടപ്പെട്ട രോഹിത് ഇപ്പോള്‍ ഇന്ത്യയെ ടി-20 ലോകകപ്പ് ഫൈനലിലും എത്തിച്ചിരിക്കുന്നു. അവന്റെ യോഗ്യത അതാണ്,’ സൗരവ് ഗാംഗുലി പറഞ്ഞു.
2023 ഏകദിന ലോകകപ്പിലും ഇന്ത്യയെ രോഹിത് ഫൈനലില്‍ എത്തിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടങ്ങളിലും നോക്ക് ഔട്ട് സ്‌റ്റേജിലും ഒരു മത്സരത്തിലും പരാജയപ്പെടുത്താതെയാണ് ഇന്ത്യയെ രോഹിത് മുന്നില്‍ എത്തിച്ചത്.
എന്നാല്‍ ഫൈനല്‍ മത്സരത്തില്‍ മഴ പെയ്യുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്ന മറ്റൊരു വിഷയം. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫൈനലില്‍ രാവിലെ മഴ ഉണ്ടാവാന്‍ 44 ശതമാനം സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉള്ളത്. 98 ശതമാനം മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും ബാര്‍ബഡോസില്‍. 77 ശതമാനം ഈര്‍പ്പവും ഉണ്ടാകും.
മഴപെയ്താല്‍ റിസര്‍വ് ഡേ ജൂണ്‍ 30ന് ഫൈനല്‍ മത്സരം നടക്കും. ഇന്ന് നടക്കുന്ന മത്സരത്തില്‍ മഴ കാരണം ഓവറുകള്‍ ചുരുക്കുകയാണെങ്കില്‍ ഒരു ടീമിന് മിനിമം 10 ഓവര്‍ എങ്കിലും ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം മത്സരം റിസര്‍വ് ദിവസത്തില്‍ നടത്തും.
Content Highlight: Sourav Ganguly Praises Rohit Sharma