| Tuesday, 10th September 2024, 12:26 pm

അവന്‍ ഭാവി ഗോട്ട്, ടീമിലെത്തിയതില്‍ ഒരു അത്ഭുതവുമില്ല: സൂപ്പര്‍ താരത്തെ പുകഴ്ത്തി ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനെ പാകിസ്ഥാനിലെത്തി തകര്‍ത്തതിന്റെ ആവേശത്തിലാണ് ബംഗ്ലാദേശ് തങ്ങളുടെ ഇന്ത്യന്‍ പര്യടനത്തിനൊരുങ്ങുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കും മൂന്ന് ടി-20കള്‍ക്കുമായാണ് ബംഗ്ലാ കടുവകള്‍ ഇന്ത്യയിലെത്തുന്നത്. ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന മൂന്ന് ടെസ്റ്റ് പരമ്പരകളില്‍ ആദ്യത്തേതാണ് ബംഗ്ലാദേശിനെതിരെ സ്വന്തം മണ്ണില്‍ നടക്കുന്നത്.

ഈ പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡ് ബി.സി.സി.ഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആര്‍.സി.ബി പേസര്‍ യാഷ് ദയാലിന് അരങ്ങേറ്റ മത്സരത്തിനുള്ള വഴിയൊരുങ്ങുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന്റെ തിരിച്ചുവരവിന് കൂടിയാണ് പരമ്പര സാക്ഷ്യം വഹിക്കുക.

2022ല്‍ സംഭവിച്ച പരിക്കിന് ശേഷം പന്ത് അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തുന്നത് ബംഗ്ലാദേശിനെതിരെ കളിച്ചുകൊണ്ടാണ്. വിക്കറ്റ് കീപ്പര്‍ ഓപ്ഷനായി ധ്രുവ് ജുറെല്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പന്തിനെ തന്നെയായിരിക്കും ഇന്ത്യ ഗ്ലൗമാനായി പരിഗണിക്കുക.

ഇപ്പോള്‍ പന്തിനെ കുറിച്ചും താരത്തിന്റെ കഴിവിനെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ നായകനും ഇന്ത്യന്‍ ലെജന്‍ഡുമായ സൗരവ് ഗാംഗുലി. റിഷബ് പന്ത് വളരെ മികച്ച താരമാണമെന്നും ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളായിട്ടാണ് താന്‍ റിഷബ് പന്തിനെ പരിഗണിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.

‘റിഷബ് പന്തിനെ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററായിട്ടാണ് ഞാന്‍ പരിഗണിക്കുന്നത്. അവന്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയതില്‍ എനിക്ക് വലിയ അത്ഭുതമൊന്നുമില്ല. അവന്‍ ഇന്ത്യക്കായി ഇനിയും നിരവധി ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും,’ ഒരു പ്രൊമോഷന്‍ ഇവന്റിനിടെ ഗാംഗുലി പറഞ്ഞു.

‘ഇതേ പ്രകടനം തന്നെ തുടര്‍ന്നാല്‍ ടെസ്റ്റ് ഫോര്‍മാറ്റിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായി മാറാന്‍ അവന് സാധിക്കും. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ അവന്‍ ഇനിയും പ്രകടനം മെച്ചപ്പെടുത്താനുണ്ട് എന്നാണ് എന്റെ അഭിപ്രായം. അവന്റെ കഴിവുകള്‍ അവനെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാക്കി മാറ്റുമെന്ന് എനിക്കുറപ്പാണ്,’ ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കായി 33 ടെസ്റ്റില്‍ നിന്നും 43.67 ശരാശരിയില് 2,271 റണ്‍സാണ് പന്ത് നേടിയത്. അഞ്ച് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ടെസ്റ്റ് സ്റ്റാറ്റ്‌സ്.

ഇന്ത്യ ഗാബ കീഴടക്കിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു റിഷബ് പന്ത്. മത്സരത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുത്തതും പന്തിനെ തന്നെയായിരുന്നു.

ബംഗ്ലാദേശിനെതിരെ സ്വന്തം തട്ടകത്തില്‍ പന്ത് തിളങ്ങുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഈ വര്‍ഷം അവസാനം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പറക്കുമ്പോള്‍ ഉറപ്പായും സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധ്യത കല്‍പിക്കുന്ന താരം കൂടിയാണ് പന്ത്.

ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

Content Highlight: Sourav Ganguly praises Rishabh Pant

We use cookies to give you the best possible experience. Learn more