ജെയ്‌സ്വാള്‍ ഒരു നല്ല കളിക്കാരനാണ്, പക്ഷെ സര്‍ഫറാസ് തെളിയിക്കേണ്ടത് മറ്റൊന്ന്: സൗരവ് ഗാംഗുലി
Sports News
ജെയ്‌സ്വാള്‍ ഒരു നല്ല കളിക്കാരനാണ്, പക്ഷെ സര്‍ഫറാസ് തെളിയിക്കേണ്ടത് മറ്റൊന്ന്: സൗരവ് ഗാംഗുലി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th February 2024, 4:45 pm

രാജ്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 434 റണ്‍സിന്റെ ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇപ്പോള്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് പരമ്പരയില്‍ ആധിപത്യം പുലര്‍ത്തുന്നത്.
എന്നാല്‍ ഇന്ത്യന്‍ വിജയത്തിന് മിന്നും പ്രകടനം കാഴ്ചവെച്ച യശസ്വി ജെയ്‌സ്വാളിനേയും സര്‍ഫറാസ് ഖാനേയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.

‘യശസ്വി ജയ്സ്വാള്‍ ഒരു നല്ല കളിക്കാരനാണ്, ഫോര്‍മാറ്റുകളിലുടനീളം അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമാകും. സര്‍ഫറാസ് ഖാന്‍ ഒരു പോസിറ്റീവ് നോട്ടിലാണ് ആരംഭിച്ചത്, പക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരീക്ഷണം വിദേശ സാഹചര്യങ്ങളിലായിരിക്കും. ഉപഭൂഖണ്ഡത്തിന് പുറത്ത് തന്റെ കഴിവ് സ്വയം തെളിയിക്കേണ്ടി വരും. സ്ഥിരതയാര്‍ന്ന റണ്‍സ് സ്‌കോര്‍ ചെയ്താല്‍ രാജ്യത്തിന് വേണ്ടി കളിക്കാന്‍ അവസരം ലഭിക്കും, വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് സര്‍ഫറാസ് മികച്ച ഉദാഹരണമാണ്,’ സൗരവ് ഗാംഗുലി മിഡ് ഡേയോട് പറഞ്ഞു.

മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാളിന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയിലാണ് ടീം പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 236 പന്തില്‍ നിന്ന് 214 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. രണ്ടാം ഇന്നിങ്‌സിലും താരം 209 റണ്‍സ് നേടി ഇരട്ട സെഞ്ച്വറിനേടിയിരുന്നു.

മറ്റൊരു ഗംഭീര പ്രകടനം കാഴ്ചവെച്ചത് സര്‍ഫറാസ് ഖാനാണ്. അരങ്ങേറ്റ മത്സരത്തിലും രണ്ടാം മത്സരത്തിലും അര്‍ധസെഞ്ച്വറി നേടിയാണ് താരം കഴിവ് തെളിയിച്ചത്. മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 62 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 68 റണ്‍സും നേടിയാണ് സര്‍ഫറാസ് ഖാന്‍ മിന്നും പ്രകടനം കാഴചവെച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഖാന്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്.

അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരത്തില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് മുന്നില്‍. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ സ്റ്റേഡിയം കോംപ്ലക്‌സിലാണ് നടക്കുക.

 

Content Highlight: Sourav Ganguly Praised Yashasvi Yaiswal And Sarfaraz Khan