ഷാര്‍ജ: ഇന്ത്യ-പാക് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതില്‍ പ്രതികരണവുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇരുരാജ്യങ്ങളുടേയും ഭരണസംവിധാനങ്ങളാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടതെന്ന് ഗാംഗുലി പറഞ്ഞു.
ഷാര്‍ജ ഇന്റര്‍നാഷണല്‍ പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് ക്രിക്കറ്റ് ബോര്‍ഡുകളുടെ കൈയിലല്ല. രാഷ്ട്രീയകാരണങ്ങളാലാണ് ഇന്ത്യ-പാകിസ്ഥാന്‍ പരമ്പര നടക്കാത്തത്. അത് പുനരാരംഭിക്കാന്‍ അതത് സര്‍ക്കാരുകളാണ് തീരുമാനമെടുക്കേണ്ടത്,’ ഗാംഗുലി പറഞ്ഞു.
താനോ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയോ വിചാരിച്ചാല്‍ ഒന്നും ചെയ്യാനാകില്ലെന്നും ഗാംഗുലി പറഞ്ഞു.
അതേസമയം അടുത്ത കാലത്ത് ഇരുരാജ്യങ്ങള്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു റമീസ് രാജ പറഞ്ഞത്. ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തി നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യ അവസാനമായി 2012-13 സീസണിലാണ് പാകിസ്ഥാനുമായി പരമ്പര കളിച്ചത്. നിലവില്‍ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുരാജ്യങ്ങളും പരസ്പരം മത്സരിക്കുന്നത്.