| Wednesday, 23rd October 2019, 9:33 pm

'ചാംപ്യന്മാര്‍ അതിവേഗം അവസാനിക്കില്ല'; ധോണിയുടെ ഭാവിയെക്കുറിച്ച് ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ ക്രിക്കറ്റിലെ ഭാവി ഏറെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചുകൊണ്ടിരിക്കുകയാണ്. ധോണി ക്രിക്കറ്റില്‍നിന്നും ചെറിയ ഇടവേള എടുത്തതിന് പിന്നാലെ ചര്‍ച്ചകള്‍ കൂടി.

എന്നാല്‍, ചാംപ്യന്മാര്‍ അതിവേഗം അവസാനിക്കില്ല എന്നായിരുന്നു ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രതികരണം. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ധോണിയുടെ ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കാതെയായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

‘എന്താണ് അദ്ദേഹത്തിന്റെ ഉള്ളിലെന്ന് എനിക്കറിയില്ല. ഞാനും ഈ ലോകവും മുഴുവന്‍ പറഞ്ഞിരുന്നത് പുറത്തായതിന് ശേഷം എനിക്കൊരിക്കലും തിരിച്ചുവരാന്‍ കഴിയില്ലെന്നായിരുന്നു. പക്ഷേ, ഞാന്‍ തിരിച്ച് വരികയും നാല് വര്‍ഷം കളിക്കുകയും ചെയ്തു. ചാമ്പ്യന്മാര്‍ അതിവേഗം അവസാനിക്കില്ല’, ഗാംഗുലി പറഞ്ഞു.

വിഷയത്തെക്കുറിച്ച് ധോണിയോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞാനിവിടെ ഉള്ളിടത്തോളം കാലം എല്ലാവരും ബഹുമാനിക്കപ്പെടും. എം.എസ് ധോണിയെപ്പോലൊരാള്‍ ഉള്ളതില്‍ രാജ്യം അഭിമാനിക്കുകയാണ്. ധോണിയുടെ നേട്ടങ്ങളാണ് ഇന്ത്യയെ അഭിമാനത്തിലേക്ക് നയിച്ചത്’, മുന്‍ സഹകളിക്കാരന്‍ കൂടിയായിരുന്ന ധോണിയെക്കുറിച്ച് ഗാംഗുലി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിച്ചിരുന്നപോലെത്തന്നെ താന്‍ ബി.സി.സി.ഐയെയും നയിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

വിശ്വാസ്യതയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. അഴിമതി രഹിതമായ ഭരണമായിരിക്കും ബി.സി.സി.ഐയിലെന്നും അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സംഭാവനകളെക്കുറിച്ചും ഗാംഗുലി വാര്‍ത്താ സമ്മേളനത്തില്‍ വാചാലനായി. കോഹ്ലിയുടെ കഴിഞ്ഞ മൂന്നോ നാലോ വര്‍ഷത്തെ പ്രകടനമാണ് ഇന്ത്യയെ ഉയരങ്ങളിലെത്തിച്ചത്. ഇന്ത്യന്‍ ടീമിനെ അദ്ദേഹം മറ്റൊരു നിലയിലേക്കുയര്‍ത്തി. അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കുന്നതായും ഗാംഗുലി വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more