'കളത്തില്‍ ദാദയും'; ടി- ട്വന്റിയിലെ സ്ഥാനത്തെക്കുറിച്ച് ബി.സി.സി.ഐ ധോണിയുമായി സംസാരിക്കേണ്ടിയിരിക്കുന്നെന്ന് ഗാംഗുലി
DSport
'കളത്തില്‍ ദാദയും'; ടി- ട്വന്റിയിലെ സ്ഥാനത്തെക്കുറിച്ച് ബി.സി.സി.ഐ ധോണിയുമായി സംസാരിക്കേണ്ടിയിരിക്കുന്നെന്ന് ഗാംഗുലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th November 2017, 1:07 pm

കൊല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി- ട്വന്റിയിലെ മെല്ലപ്പോക്കിന്റെ പേരില്‍ മുന്‍ നായകന്‍ ധോണിയെക്കുറിച്ച് നടക്കുന്ന ചര്‍ച്ചയില്‍ ഇടപെട്ട് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. കുട്ടി ക്രിക്കറ്റില്‍ ധോണിയുടെ സ്ഥാനത്തെക്കുറിച്ച് ബി.സി.സി.ഐ താരത്തിനോട് സംസാരിക്കേണ്ടിയിരിക്കുന്നെന്ന് ഗാംഗുലി പറഞ്ഞു.


Also Read: നിങ്ങളെക്കുറിച്ച് പറയാന്‍ വാക്കുകളില്ല; ഇവിടെ കൂടുതല്‍ മത്സരങ്ങള്‍ നടക്കാത്തതില്‍ അത്ഭുതം തോന്നുന്നു; കേരളത്തിനു നന്ദി അറിയിച്ച് കോഹ്‌ലി


വിരേന്ദര്‍ സെവാഗ് ധോണിയുടെ സ്ഥാനത്തെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ധോണിയെ എഴുതി തള്ളരുതെന്ന അഭിപ്രായപ്രകടനവുമായി ഗാംഗുലി രംഗത്തെത്തിയത്. ധോണി ട്വന്റി ട്വന്റിയില്‍ കളിക്കാന്‍ തയ്യാറാണെങ്കില്‍ ഇന്ത്യന്‍ ടീമിന് അദ്ദേഹത്തെ കളിപ്പിക്കുക തന്നെ വേണമെന്ന് ദാദ പറഞ്ഞു.

“ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ടീമിലെ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച സംസാരിക്കേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. കുട്ടി ക്രിക്കറ്റിലും അദ്ദേഹം വലിയൊരു കളിക്കാരനാണ്. അതുകൊണ്ട് തന്നെ ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് അദ്ദേഹത്തിനു ഒന്നു കൂടി കഴിവുതെളിയിക്കാന്‍ അവസരം നല്‍കണം” ഗാംഗുലി ഇന്ത്യാ ടുഡേയോട് പറഞ്ഞു.

” ടീം 2019 ലെ ഐ.സി.സി വേള്‍ഡ് കപ്പിനെക്കുറിച്ചും ചിന്തിക്കാന്‍ തുടങ്ങേണ്ടിയിരിക്കുന്നു. സമീപകാല ഭാവിയില്‍ ധോണിയ്ക്ക് പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ മറ്റു പ്രധാന തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതരാകും” മുന്‍ നായകന്‍ പറഞ്ഞു.


Dont Miss: ‘നോട്ടു നിരോധനംകൊണ്ട് ഗുണമുണ്ടായത് ഈ യു.പിക്കാരന്’; പത്തുരൂപ കയ്യിലില്ലാതിരുന്ന ഇയാളിന്ന് 52000 കോടി ആസ്തിയുള്ള കമ്പനി ഉടമ


രാജ്‌കോട്ടില്‍ നടന്ന രണ്ടാം ട്വന്റി-20യിലെ പ്രകടനത്തിന്റെ പേരിലായിരുന്നു ടീമിലെ ധോണിയുടെ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. വലിയ സ്‌കോര്‍ നേടേണ്ടിയിരുന്ന മത്സരത്തില്‍ താരത്തിന്റെ മെല്ലെപ്പോക്ക് കളി തോല്‍ക്കാന്‍ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

മത്സരത്തിനു പിന്നാലെ ധോണിയുടെ സമയം കഴിഞ്ഞെന്ന് അഗാര്‍ക്കറും ലക്ഷ്മണും ഉള്‍പ്പടെയുള്ള മുന്‍ താരങ്ങള്‍ പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. ഈ അവസ്ഥയിലാണ് ഗാഗംഗുലിയുടെ രംഗപ്രവേശം. ധോണിയെ പിന്തുണച്ച് നേരത്തെ നായകന്‍ വിരാട് കോഹ്‌ലി രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ച ദാദ നായകന്റെ പിന്തുണ ലഭിക്കുക എന്നത് വലിയ കാര്യമാണെന്നും പറഞ്ഞു.