വരാനിരിക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ സാധ്യതകൾ എന്തൊക്കെയാണെന്ന് പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.
നിലവിൽ ടീം മികച്ച കളിയാണ് കാഴ്ചവെക്കുന്നതെന്നും അടുത്ത 45 ദിവസങ്ങളിൽ ഇതേ ഫോമിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.
‘ലോകകപ്പ് എന്നത് വലിയ ഒരു ടൂർണമെന്റ് ആണ്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നന്നായി കളിക്കുന്നുണ്ട്. അടുത്ത 45 ദിവസങ്ങളിൽ ഇന്ത്യ ഇതേ പ്രകടനം തന്നെ കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു’, ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഏഷ്യാ കപ്പ് മുതൽ മികച്ച ക്രിക്കറ്റ് ആണ് ഇന്ത്യ കളിക്കുന്നത്. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചുകൊണ്ട് ഇന്ത്യ ഏഷ്യയിലെ രാജാക്കൻമാരായിരുന്നു.
അതിനുശേഷം നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലും മിന്നും പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഈ വിജയങ്ങളുടെയെല്ലാം ആത്മവിശ്വാസവുമായാണ് ഇന്ത്യ സ്വന്തം തട്ടകത്തിൽ കിരീട പോരാട്ടത്തിനായി കളത്തിലിറങ്ങുന്നത്.
ക്യാപ്റ്റൻ രോഹിത് ശർമയുടെ കീഴിൽ മികച്ച ഫോമിലാണ് ഇന്ത്യൻ ടീം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാൻ കഴിയുന്ന ഒരുപിടി മികച്ച താരങ്ങളാണ് ഇന്ത്യയുടെ കരുത്ത്.
12 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിലേക്ക് വീണ്ടും ഒരു ലോകകപ്പ് എത്തുമ്പോൾ ആരാധകർ ആവേശത്തിലാണ്. ധോണിക്ക് ശേഷം രോഹിത്തിനും ആ ലോകകിരീടം സ്വന്തമാക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ലോകകപ്പിൽ ഒക്‌ടോബർ എട്ടിന് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Content Highlight: Sourav Ganguly has shared the prospects of the Indian team in the World Cup.