കൊല്‍ക്കത്ത: താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി. മൂന്ന് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് ജീവിതത്തിനൊടുവില്‍, ജീവിതത്തിന്റെ ‘പുതിയ അധ്യായ’ത്തിലേക്ക് കടക്കുന്നതായും എല്ലാവരുടെയും പിന്തുണ വേണമെന്നുമുള്ള തന്റെ ട്വീറ്റിന് ഗാംഗുലി തന്നെയാണ് വിശദീകരണമായി എത്തിയിരിക്കുന്നത്.
ലോകമാകെയുളള വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ‘എജ്യുക്കേഷന്‍ ആപ്പ്’ ആരംഭിക്കാന്‍ പോകുന്നതെന്നാണ് ഗാംഗുലി പറയുന്നത്. ബി.സി.സി.ഐ അധ്യക്ഷസ്ഥാനം രാജിവെക്കുന്നുവെന്നുള്ള തരത്തില്‍ വാര്‍ത്തകളും ഔദ്യോഗിക കേന്ദ്രങ്ങള്‍ നിഷേധിച്ചു. ഗാംഗുലി ബി.സി.സി.ഐ അധ്യക്ഷ പദവി ഒഴിഞ്ഞിട്ടില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി ജെയ് ഷാ അറിയിച്ചു.
ചുറ്റുമുള്ള മനുഷ്യരെ സഹായിക്കാന്‍ പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നതായി ആയിരുന്നു സൗരവ് ഗാംഗുലിയുടെ ട്വീറ്റ്.
2022ല്‍ തന്റെ കരിയറിലെ 30 വര്‍ഷം തികയുകയാണെന്നും ഈ വേളയില്‍ ധാരാളം മനുഷ്യരെ സഹായിക്കാന്‍ സാധിക്കുന്ന പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായാണ് ഗാംഗുലി ട്വിറ്ററില്‍ കുറിച്ചത്.
എന്താണ് പുതിയ കാര്യമെന്നത് സംബന്ധിച്ച് വ്യക്തമായ പ്രഖ്യാപനം ഇല്ലാതിരുന്നതിനാല്‍ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനാണിപ്പോള്‍ അദ്ദേഹം വ്യക്തത വരുത്തിയിരിക്കുന്നത്.
‘1992ല്‍ ആരംഭിച്ച ക്രിക്കറ്റ് ജീവിതം 2022ല്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അന്നുമുതല്‍ ക്രിക്കറ്റ് ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നു. പ്രത്യേകിച്ചും ജനങ്ങളുടെ പിന്തുണ. എന്റെ യാത്രയില്‍ പങ്കാളികളായ എല്ലാ മനുഷ്യരോടും നന്ദി, പിന്തുണച്ചതിനും, ഇന്ന് ഞാന്‍ നേടിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കൂടെനിന്നതിനും.
ഇന്ന് ഒരുപാട് മനുഷ്യര്‍ക്ക് ഉപകാരപ്രദമാകുന്ന പുതിയ ഒരു കാര്യം തുടങ്ങുന്നതിനെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുന്ന വേളയിലും നിങ്ങളുടെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ എന്നായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്.
CONTENT HIGHLIGHTS: Sourav Ganguly has put an end to rumors that he is preparing to enter politics