ഗാംഗുലി ബി.സി.സി.ഐ അധ്യക്ഷന്‍? അമിത് ഷായുടെ മകനും ഭാരവാഹിയായേക്കും; അഴിച്ചുപണി ഉടന്‍
Cricket
ഗാംഗുലി ബി.സി.സി.ഐ അധ്യക്ഷന്‍? അമിത് ഷായുടെ മകനും ഭാരവാഹിയായേക്കും; അഴിച്ചുപണി ഉടന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th October 2019, 8:58 am

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും മുന്‍ ഇന്ത്യന്‍ താരം ബ്രിജേഷ് പട്ടേലും ബി.സി.സി.ഐ ഭാരവാഹികളാകാന്‍ സാധ്യതയേറുന്നു. ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റും പട്ടേല്‍ സെക്രട്ടറിയോ ട്രഷററോ ആയേക്കുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയാധ്യക്ഷനുമായ അമിത് ഷായുടെ മകന്‍ ജയ് ഷാ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ സഹോദരന്‍ അരുണ്‍ സിങ് ധുമാല്‍, മാധ്യമപ്രവര്‍ത്തകനായ രജത് ശര്‍മ എന്നിവരും അംഗങ്ങളാകാന്‍ സാധ്യതയുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നു രാത്രി നടക്കുന്ന ബി.സി.സി.ഐ യോഗത്തിലാണ് (എ.ജി.എം) ഇക്കാര്യത്തില്‍ ധാരണയുണ്ടാവുക. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുന്നത് ജയ് ഷായാണ്. മുംബൈയിലാണ് യോഗം.

ജയ് ഷാ ബി.സി.സി.ഐ ഭാരവാഹിയാകാനുള്ള സാധ്യതകള്‍ വളരെക്കൂടുതലാണ്. തങ്ങളുടെ ഭാരവാഹി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ശേഷിയുള്ള വ്യക്തിയാകുന്നത് ബി.സി.സി.ഐക്ക് എന്നും താത്പര്യമുള്ള വിഷയമാണ്.

ഇന്നു നടക്കുന്ന യോഗത്തില്‍ അനുരാഗ് താക്കൂറും പങ്കെടുക്കും. ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് കൂടിയാണ് താക്കൂര്‍. യോഗത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ താക്കൂറിനു വലിയൊരു പങ്കുണ്ടാകും. അത് അമിത് ഷായ്ക്കും മകന്‍ ജയ് ഷായ്ക്കും അനുകൂലമായ ഒന്നാക്കാനാകും താക്കൂര്‍ ശ്രമിക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.സി.സി.ഐയില്‍ സ്വാധീനശേഷിയുള്ള എന്‍. ശ്രീനിവാസന്റെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ അടക്കം എട്ട് ക്രിക്കറ്റ് അസോസിയേഷനുകളാണു യോഗത്തില്‍ പങ്കെടുക്കുക.