ഐ.പി.എല്‍ 2025ല്‍ പഞ്ചാബ് കിങ്സ് വിജയത്തോടെയാണ് പുതിയ സീസണിന് തുടക്കമിട്ടിരിക്കുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിനാണ് ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ പഞ്ചാബ് പരാജയപ്പെടുത്തിയത്.
പഞ്ചാബ് ഉയര്‍ത്തിയ 244 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. പഞ്ചാബിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ മികച്ച പ്രകടനം നടത്താനും ടീമിനെ വിജയത്തിലേക്ക് നയിക്കാനും ശ്രേയസ് അയ്യരിന് സാധിച്ചു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തില്‍ തിരിച്ചടിയേറ്റിരുന്നു. എന്നാല്‍ വണ്‍ ഡൗണായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ക്രീസിലെത്തിയതോടെ പഞ്ചാബ് മത്സരത്തിലേക്ക് തിരിച്ചുവന്നു. അരങ്ങേറ്റക്കാരന്‍ പ്രിയാന്‍ഷ് ആര്യയെയും ഏഴാം നമ്പറില്‍ ഇറങ്ങിയ ശശാങ്ക് സിങ്ങിനെയും കൂട്ടുപിടിച്ചാണ് ശ്രേയസ് പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത്.
മത്സരത്തില്‍ ശ്രേയസ് 42 പന്തില്‍ പുറത്താകാതെ 97 റണ്‍സ് നേടിയിരുന്നു. അഞ്ച് ഫോറും ഒമ്പത് സിക്‌സുമടങ്ങുന്നതായിരുന്നു താരത്തിന്റ ഇന്നിങ്സ്. 230.95 സ്‌ട്രൈക്ക് റേറ്റിലാണ് താരം ഗുജറാത്തിനെതിരെ ബാറ്റേന്തിയത്. മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയതും ശ്രേയസായിരുന്നു.
ഇപ്പോള്‍ മത്സരത്തിലെ പ്രകടനത്തില്‍ ശ്രേയസിനെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുന്‍ ബി.സി.സി.ഐ ചെയര്‍മാനുമായ സൗരവ് ഗാംഗുലി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബാറ്റര്‍ എന്ന നിലയില്‍ ശ്രേയസ് അയ്യര്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഗാംഗുലി പറഞ്ഞത്. 30 കാരനായ ക്രിക്കറ്റ് താരം ദേശീയ ടീമിനായി മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കാന്‍ തയ്യാറാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് മുന്‍ നായകന്‍ അഭിപ്രായം പറഞ്ഞത്.
‘കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും മെച്ചപ്പെട്ട ബാറ്റ്‌സ്മാനാണ് ശ്രേയസ് അയ്യര്‍. എല്ലാ ഫോര്‍മാറ്റുകള്‍ക്കും തയ്യാറാണ്. ലെങ്ത്തിലെ ചില പ്രശ്‌നങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ പുരോഗതി കാണാന്‍ വളരെ സന്തോഷമുണ്ട്,’ ഗാംഗുലി എക്സില്‍ എഴുതി.
ആഭ്യന്തര മത്സരങ്ങളില്‍ സജീവമല്ലെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം ശ്രേയസ് അയ്യരെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതിന് ശേഷം ഈ വര്‍ഷം നടന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലാണ് താരം നീല കുപ്പായത്തില്‍ കളത്തിലിറങ്ങിയത്. ടൂര്‍ണമെന്റില്‍ ടീം ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടിയ കളിക്കാരനായിരുന്നു അദ്ദേഹം.
എന്നാല്‍ ടി20യിലും ടെസ്റ്റിലും താരത്തിന് പിന്നീട് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ടി20യില്‍ ന്യൂസിലാന്റിനെതിരെ 2023 ഡിസംബറിലും ടെസ്റ്റില്‍ 2024 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെയുമാണ് ശ്രേയസ് ദേശീയ ടീമില്‍ അവസാനമായി കളിച്ചത്. ഐ.പി.എല്ലിന് ശേഷം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പര കളിക്കും. അയ്യര്‍ ടീമിനൊപ്പം യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്.
അതേസമയം, ഏപ്രില്‍ ഒന്നിന് ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പഞ്ചാബ് റിഷബ് പന്തിന്റെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടുമ്പോള്‍ തന്റെ റണ്‍ സ്‌കോറിങ് കുതിപ്പ് തുടരാനാണ് ശ്രേയസിന്റെ ശ്രമം.
content highlights: sourav ganguly about Shreyas Iyer