| Sunday, 14th July 2024, 2:31 pm

ഇന്ത്യ ലോകകപ്പ് നേടിയ ശേഷം ആരും എന്നെ അധിക്ഷേപിക്കുന്നില്ല; നിര്‍ണായക തീരുമാനത്തെ കുറിച്ച് ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ നാളത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ചാണ് ഇന്ത്യ 2024 ടി-20 ലോകകിരീടം തലയിലണിഞ്ഞത്. 2013ന് ശേഷം ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ ഐ.സി.സി കിരീടമാണിത്. ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്.

ലോകകപ്പില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ കപ്പില്‍ മുത്തമിട്ടത്. ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീം പരാജയമറിയാതെ കിരീടത്തില്‍ മുത്തമിടുന്നത്.

ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ കാനഡക്കെതിരായ മത്സരം വാഷ് ഔട്ടായതൊഴിച്ചാല്‍ ലോകകപ്പില്‍ കളിച്ച എല്ലാ മത്സരത്തിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ ഇന്ത്യയുടെ ഐതിഹാസിക നേട്ടത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ അധ്യക്ഷനുമായിരുന്ന സൗരവ് ഗാംഗുലി. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കിരീടം നേടിയതിനെ കുറിച്ചും, വിരാട് കോഹ്‌ലിയില്‍ നിന്നും ക്യാപ്റ്റന്‍സി രോഹിത്തിന് കൈമാറിയ സാഹചര്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദാദ ഇക്കാര്യം പറഞ്ഞത്.

‘രോഹിത് ശര്‍മക്ക് ക്യാപ്റ്റന്‍സി നല്‍കിയപ്പോള്‍ ഞാന്‍ ഒരുപാട് വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ അവന് കീഴില്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടിയതിന് ശേഷം ഇപ്പോള്‍ ആരും എന്നെ അധിക്ഷേപിക്കുന്നില്ല. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയത് ഞാന്‍ ആണെന്ന കാര്യം പോലും അവര്‍ മറന്നു,’ ഗാംഗുലി പറഞ്ഞു.

വിരാടിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കിയത് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഏറെ വിവാദമായ സംഭവമായിരുന്നു. ആരാധകര്‍ അപെക്‌സ് ബോര്‍ഡിന്റെ ഈ തീരുമാനത്തെ എതിര്‍ത്തിരുന്നു. പ്രതിഷേധങ്ങളും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായി.

2021ലായിരുന്നു വിരാട് ഇന്ത്യയുടെ ടി-20 ഫോര്‍മാറ്റില്‍ നിന്നും നായകസ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. ശേഷം ഏകദിനത്തില്‍ നിന്നും വിരാട് ക്യാപ്റ്റന്‍സി ഒഴിഞ്ഞിരുന്നു. 2022ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന പരമ്പരയില്‍ പരാജയപ്പെട്ടതിന് ശേഷമാണ് വിരാട് റെഡ് ബോള്‍ ക്യാപ്റ്റന്‍സിയില്‍ നിന്നും പടിയിറങ്ങിയത്.

ഇതിന് പിന്നാലെയാണ് അപെക്‌സ് ബോര്‍ഡ് രോഹിത് ശര്‍മയെ ഇന്ത്യന്‍ ടീമിന്റെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി ചുമതലപ്പെടുത്തിയത്.

രോഹിത്തിന് കീഴില്‍ 2023 ഏഷ്യാ കപ്പ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെ 2022 ടി-20 ലോകകപ്പിന്റെ സെമി ഫൈനലിലും 2023 ഐ.സി.സി ഏകദിന ലോകകപ്പിന്റെ ഫൈനലിലും രോഹിത് ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചിരുന്നു.

2022 ടി-20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടപ്പോള്‍ സ്വന്തം മണ്ണില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

എന്നാല്‍ 2024 ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ ഓസ്‌ട്രേലിയയെയും സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തി തങ്ങളുടെ കിരീട നേട്ടം എക്‌സ്ട്രാ സ്‌പെഷ്യലാക്കാനും രോഹിത്തിനും സംഘത്തിനുമായി.

Content Highlight: Sourav Ganguly about Rohit Sharma winning T20 World Cup

We use cookies to give you the best possible experience. Learn more