|

എന്തുകൊണ്ടാണ് ഇങ്ങനെ ചോദിച്ചുകൊണ്ടിരിക്കുന്നത്? രോഹിത് ശര്‍മയെ കുറിച്ചുള്ള ചോദ്യങ്ങളില്‍ പ്രതികരിച്ച് സൗരവ് ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ന് സമാപനം. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞെടുത്തു.

മത്സരത്തില്‍ 19 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് 100 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും വീഴ്ത്തി. വില്‍ യങിന്റെയും രചിന്‍ രവീന്ദ്രയുടെയും കെയ്ന്‍ വില്യംസണിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്.

ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അവസാന ഏകദിന മത്സരമാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഫൈനലിന് ശേഷം ബി.സി.സി.ഐയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും രോഹിതുമായി ചര്‍ച്ച നടത്തുമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ അഭ്യൂഹങ്ങളില്‍ പ്രതികരിക്കുകയാണ് മുന്‍ ബി.സി.സി.ഐ ചെയര്‍മാനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി.

രോഹിത് ശര്‍മയുടെ വിരമിക്കലിനെ കുറിച്ച് എന്തിനാണ് സംസാരമെന്നും ഇതൊരു ചോദ്യമായി മാറുന്നത് എന്തുകൊണ്ടാണെന്നും ഗാംഗുലി ചോദിച്ചു. രോഹിത് നന്നായി കളിക്കുന്നുണ്ടെന്നും സെലക്ടര്‍മാര്‍ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ടൂര്‍ണമെന്റില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനേക്കാള്‍ എത്രയോ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രോഹിത് ശര്‍മയുടെ വിരമിക്കലിനെക്കുറിച്ച് എന്തിനാണ് സംസാരിക്കുന്നത് ? ഇതൊരു ചോദ്യമായി മാറുന്നത് എന്തുകൊണ്ട്? ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ലോകകപ്പ് നേടിയത്. സെലക്ടര്‍മാര്‍ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല, പക്ഷേ രോഹിത് വളരെ നന്നായി കളിക്കുന്നു.

ഇന്ത്യ ന്യൂസിലാന്‍ഡിനേക്കാള്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. 2023 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ കളിച്ചു, 2024 ടി20 ലോകകപ്പ് നേടി, ഈ ചാമ്പ്യന്‍സ് ട്രോഫിയില്‍ അവര്‍ ഇപ്പോഴും തോല്‍വിയറിയാതെ തുടരുന്നു. അതേ ടീം തന്നെ കളിക്കും,’ സൗരവ് ഗാംഗുലി പറഞ്ഞു.

ഇന്ത്യയാണ് ഫൈനലില്‍ ഫേവറൈറ്റ്‌സെന്നും ഇന്ത്യ നല്ല ഫോമിലാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് നല്ല ബൗളിങ് യൂണിറ്റുണ്ടെന്നും അദ്ദേഹം പ്രശംസിച്ചു.

‘ഇന്ത്യയാണ് ഫൈനലില്‍ ഫേവറൈറ്റ്‌സ്. ഇന്ത്യ നല്ല ഫോമിലാണ്. അവര്‍ക്ക് വിരാട് കോഹ് ലി, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ എന്നിവരെല്ലാം നന്നായി കളിക്കുന്നുണ്ട്. അതൊരു നല്ല മത്സരമായിരിക്കും. ഇന്ത്യയ്ക്ക് നല്ല ബൗളിങ് യൂണിറ്റുണ്ട്. ആരും ജയിക്കാം, ആരും തോല്‍ക്കാം,’ ഗാംഗുലി പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഇത് രണ്ടാം തവണയാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 2000ത്തിലെ ഫൈനലില്‍ ബ്ലാക്ക് ക്യാപ്സിനായിരുന്നു വിജയം. അന്ന് ഇന്ത്യയെ നയിച്ചിരുന്നത് സൗരവ് ഗാംഗുലിയായിരുന്നു.

Content Highlight: Sourav Ganguly about Rohit Sharma’s retirement rumors

Latest Stories