ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിക്കുമോ? വമ്പന്‍ മുന്നറിയിപ്പുമായി ഗാംഗുലി
Sports News
ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിക്കുമോ? വമ്പന്‍ മുന്നറിയിപ്പുമായി ഗാംഗുലി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th September 2024, 11:44 am

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കും മൂന്ന് ടി-20കള്‍ക്കുമായാണ് ബംഗ്ലാ കടുവകള്‍ ഇന്ത്യയിലെത്തുന്നത്. ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന മൂന്ന് ടെസ്റ്റ് പരമ്പരകളില്‍ ആദ്യത്തേതാണ് ബംഗ്ലാദേശിനെതിരെ സ്വന്തം മണ്ണില്‍ നടക്കുന്നത്.

ഈ പരമ്പരക്ക് മുന്നോടിയായി ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി. ബംഗ്ലാദേശിനെ ഒരിക്കലും വിലകുറച്ചുകാണരുത് എന്നാണ് ഗാംഗുലി അഭിപ്രായപ്പെടുന്നത്.

പാകിസ്ഥാനെ പാകിസ്ഥാനിലെത്തി പരാജയപ്പെടുത്തിയതിന്റെ ആവേശവുമായാണ് ടീം ഇന്ത്യയില്‍ പര്യടനം നടത്തുന്നതെന്ന് പറഞ്ഞ ഗാംഗുലി എന്നാല്‍ ബംഗ്ലാദേശിന് ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി ഇന്ത്യ – ബംഗ്ലാദേശ് പരമ്പരയെ കുറിച്ച് സംസാരിച്ചത്.

‘ബംഗ്ലാദേശ് വിജയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഉറപ്പായും ഇന്ത്യ തന്നെ പരമ്പര സ്വന്തമാക്കും. പക്ഷേ മികച്ച മത്സരം തന്നെ ഇന്ത്യ ബംഗ്ലാദേശില്‍ നിന്നും പ്രതീക്ഷിക്കേണ്ടി വരും. കാരണം പാകിസ്ഥാനെ പാകിസ്ഥാനിലെത്തി പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തോടെയാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ പര്യടനത്തിനെത്തുന്നത്,’ ദാദ വ്യക്തമാക്കി.

തങ്ങളുടെ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനെ ഒരു ടെസ്റ്റ് മത്സരത്തിലോ പരമ്പരയിലോ പരാജയപ്പെടുത്തുന്നത്. രണ്ട് മത്സരങ്ങളുടെ പരമ്പര 2-0ന് വൈറ്റ് വാഷ് ചെയ്താണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. എതിരാളികളുടെ മണ്ണില്‍ വെച്ചുതന്നെ ഈ ചരിത്ര വിജയം നേടാന്‍ സാധിച്ചു എന്നതും ബംഗ്ലാ കടുവകളുടെ ഈ നേട്ടത്തിന് മിഴിവേകുന്നു.

പാകിസ്ഥാനെ തങ്ങള്‍ പരാജയപ്പെടുത്തിയെന്നും ഇനി ഇന്ത്യയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബംഗ്ലാ നായകന്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡ് ഇന്ത്യ പുറത്തുവിട്ടിരുന്നു. യാഷ് ദയാലിന് അരങ്ങേറ്റ മത്സരത്തിനുള്ള വഴിയൊരുങ്ങുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന്റെ തിരിച്ചുവരവിന് കൂടിയാണ് പരമ്പര സാക്ഷ്യം വഹിക്കുക.

 

ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

 

Content Highlights: Sourav Ganguly about India vs Bangladesh test