ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പതറുകയാണ്. ടീമിന്റെ ടോപ് ഓര്‍ഡര്‍ പാടെ നിരാശപ്പെടുത്തിയതാണ് ഇന്ത്യയുടെ തപ്പിത്തടയലിന് കാരണമായിരിക്കുന്നത്.
ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഇന്ത്യ ആദ്യ സെഷനില്‍ മുന്‍തൂക്കം നേടിയെങ്കിലും സ്റ്റീവ് സ്മിത്തിന്റെയും ട്രാവിസ് ഹെഡിന്റെയും പാര്‍ട്ണര്‍ഷിപ്പില്‍ ഇന്ത്യ തകര്‍ന്നുവീഴുകയായിരുന്നു.
ഇരുവരും സെഞ്ച്വറി നേടി സ്‌കോറിങ്ങില്‍ നിര്‍ണായകമായപ്പോള്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെയും ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെയും മോശമല്ലാത്ത ഇന്നിങ്‌സും ഓസീസിന് തുണയായി.
എന്നാല്‍, ടോസ് ഓസ്‌ട്രേലിയക്ക് അനുകൂലമായിരുന്നെങ്കില്‍ അവരുടെ സ്ഥാനത്ത് ഇന്ത്യയായിരിക്കും ഉണ്ടാവുകയെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.
സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കുറിച്ചുള്ള അവലോകനത്തിലാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്.
‘ഉറപ്പായും. പാറ്റ് കമ്മിന്‍സാണ് ടോസ് നേടിയതെങ്കില്‍ തങ്ങള്‍ ബൗളിങ്ങായിരിക്കും തെരഞ്ഞെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പാറ്റ് കമ്മിന്‍സാണ് ടോസ് വിജയിച്ചിരുന്നതെങ്കില്‍, ഇന്ത്യയായിരിക്കും ഈ അവസ്ഥയില്‍ ഉണ്ടായിരുന്നിരിക്കുക. ആദ്യ സെഷനില്‍ തന്നെ ആദ്യ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതിന് ശേഷം ഒരു ടീം 300 റണ്‍സ് നേടുന്നത് ആദ്യ സംഭവമൊന്നുമല്ലല്ലോ,’ ഗാംഗുലി പറഞ്ഞു.
ഓസീസിനായി സെഞ്ച്വറി തികച്ച ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും ഇന്നിങ്‌സിനെ കുറിച്ചും ഗാംഗുലി സംസാരിച്ചു.
‘സ്റ്റീവ് സ്മിത്തിനും ട്രാവിസ് ഹെഡിനുമാണ് നിങ്ങള്‍ എല്ലാ ക്രെഡിറ്റും നല്‍കേണ്ടത്. രണ്ട് പേരും വ്യത്യസ്തമായ രീതിയിലാണ് കളിച്ചത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കേണ്ടതെങ്ങനെയോ, അങ്ങനെ സ്റ്റീവ് സ്മിത് കളിച്ചപ്പോള്‍ ട്രാവിസ് ഹെഡ്, ഏത് സാഹചര്യത്തിലും പോസിറ്റീവായി ബാറ്റ് വീശുന്ന തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് കളിച്ചത്,’ ഗാംഗുലി പറഞ്ഞു.
അതേസമയം, രണ്ടാം ദിവസം ബാറ്റിങ് തുടരുന്ന ഇന്ത്യക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി. ക്രീസില്‍ നിലയുറപ്പിച്ച് ഇന്നിങ്‌സിനെ മുന്നോട്ട് കൊണ്ടുപോയ രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
51 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 48 റണ്‍സ് നേടിയാണ് ജഡേജ പുറത്തായത്. നഥാന്‍ ലിയോണാണ് ജഡേജയെ പുറത്താക്കി ഓസീസിന് ആവശ്യമായ ബ്രേക് ത്രൂ നല്‍കിയത്.
നിലവില്‍ 38 ഓവര്‍ പിന്നിടുമ്പോള്‍ 151 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 71 പന്തില്‍ നിന്നും 29 റണ്‍സുമായി അജിന്‍ക്യ രഹാനെയും 14 പന്തില്‍ നിന്നും അഞ്ച് റണ്‍സുമായി ശ്രീകര്‍ ഭരത്തുമാണ് ക്രീസില്‍.
Content highlight: Sourav Ganguly about day 1 of WTC final