കഴിഞ്ഞ ദിവസമായിരുന്നു ബി.സി.സി.ഐ ന്യൂസിലാന്‍ഡ് എ ടീമിനെതിരായ ഇന്ത്യന്‍ എ ടീമിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ന്യൂസിലാന്‍ഡിനെതിരെ മള്‍ട്ടി ഫോര്‍മാറ്റ് പരമ്പരയാണ് ഇന്ത്യക്ക് കളിക്കാനുള്ളത്.
സൗരാഷ്ട്രയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ആഭ്യന്തര ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത താരവുമായ ഷെല്‍ഡന്‍ ജാക്‌സണ്‍ വീണ്ടും തഴയപ്പെട്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും കണ്‍സിസ്റ്റന്റായി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴാണ് ജാക്‌സണെ ബി.സി.സി.ഐ പതിവായി തഴയുന്നത്.
തന്നെക്കാള്‍ പ്രായമുള്ളവരെ പല ടീമുകളിലേക്കും സെലക്ട് ചെയ്യുമ്പോള്‍ തന്നെ സെലക്ട് ചെയ്യാതിരിക്കുന്ന ബി.സി.സി.ഐയുടെ നടപടിയെ വിമര്‍ശിച്ചും താരം രംഗത്തെത്തിയിരുന്നു.
തന്റെ പ്രകടനമോ, ആഭ്യന്തര ക്രിക്കറ്റിലെ തന്റെ സ്റ്റാറ്റ്‌സോ അല്ല, തന്റെ പ്രായം മാത്രമാണ് അവരുടെ കണ്ണില്‍ പെടുന്നതെന്നായിരുന്നു ജാക്‌സണ്‍ പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ ലഭിക്കുമ്പോഴും പരസ്യമായി പ്രതികരിക്കുന്ന ജാക്‌സന്റെ നടപടിയോട് എതിര്‍പ്പുള്ള ചിലരുമുണ്ട്. ബി.സി.സി.ഐയെ വിമര്‍ശിക്കാന്‍ പാടില്ലെന്നും അവസരം കിട്ടാത്തതില്‍ അസൂയ പൂണ്ടാണ് ഷെല്‍ഡന്‍ ജാക്‌സണ്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറയുന്നതെന്നായിരുന്നു ഇത്തരക്കാരുടെ നിലപാട്.
അവസരം ലഭിക്കാത്തതിലും മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കുമ്പോഴും താരം വളരെ അസ്വസ്ഥനാണെന്നും ഇവര്‍ പറയുന്നു. ഇതിന് മറുപടി പറയുകയാണ് ജാക്‌സണിപ്പോള്‍.
സ്‌പോര്‍ട്‌സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ വളരെ അസ്വസ്ഥനായ കളിക്കാരനാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ അങ്ങനെയല്ല. തമാശകളിഷ്ടപ്പെടുന്ന, തിരികെ ചെല്ലാന്‍ ഒരു കുടുംബമുള്ള ഒരു കളിക്കാരന്‍ മാത്രമാണ് ഞാന്‍.
എന്നെ എല്ലാത്തിലേക്കും തിരികെയെത്തിക്കാന്‍ പോന്ന ഒരാള്‍ ഉണ്ടായിരിക്കണം. നിര്‍ഭാഗ്യവശാല്‍ അങ്ങനെ ഒരാള്‍ ഇല്ല,’ താരം പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിന്റെ കഴിഞ്ഞ മൂന്ന് സിസണിലും അക്ഷരാര്‍ത്ഥത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ജാക്‌സണിന്റെ സ്റ്റാറ്റ്‌സിന് അടുത്തെത്താന്‍ പോലും ഇപ്പോള്‍ സീനിയര്‍ ടീമിലെ പലര്‍ക്കും സാധിക്കില്ല എന്നതും ഒരു വസ്തുതയാണ്.
ദുലീപ് ട്രോഫിക്ക് വേണ്ടിയുള്ള ടൂര്‍ണമെന്റില്‍ പോലും തന്നെ സെലക്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
‘ഞാന്‍ ദുലീപ് ട്രോഫിക്കുള്ള ടീമില്‍ പോലും ഉള്‍പ്പെട്ടില്ല. കാരണം ആര്‍ക്കോ തോന്നി ഞാന്‍ വയസനാണെന്ന്. ഇന്ത്യ എ ടീമിന് വേണ്ടി കളിക്കാം എന്ന പ്രതീക്ഷിച്ചിരുന്നതാണ് ഞാന്‍. എന്നാല്‍, ദുലീപ് ട്രോഫിയില്‍ പോലും എന്നെ ടീമിലെടുത്തില്ല,’ താരം പറയുന്നു.
കഴിഞ്ഞ സീസണില്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെച്ചത്. വിക്കറ്റിന് പിന്നില്‍ അമ്പരപ്പിക്കുന്ന വേഗവുമായി സാക്ഷാല്‍ സച്ചിന്റെ തന്നെ പ്രശംസയേറ്റുവാങ്ങുകയും കെ.കെ.ആറിന്റെ റണ്‍വേട്ടക്കാരില്‍ ഒരാളായിട്ടുകൂടിയും ജാക്‌സണെ തേടി ബി.സി.സി.ഐയുടെ വിളിയെത്തിയില്ല.
Content Highlight: Sourashtra’s star batter Sheldon Jakson about his omission in India A team