അവന്റെ മുഖത്തെ സന്തോഷം നോക്കണേ... ട്രോഫി ഉയര്‍ത്തിയത് ടീമില്‍ പോലുമില്ലാത്തവന്‍? രക്ഷകരായ അവര്‍ ആര്?
Sports News
അവന്റെ മുഖത്തെ സന്തോഷം നോക്കണേ... ട്രോഫി ഉയര്‍ത്തിയത് ടീമില്‍ പോലുമില്ലാത്തവന്‍? രക്ഷകരായ അവര്‍ ആര്?
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th September 2023, 8:04 am

ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ – ഓസീസ് പരമ്പര അവസാനിച്ചിരിക്കുകയാണ്. സൗരാഷ്ട്രയില്‍ നടന്ന ഡെഡ് റബ്ബര്‍ മത്സരത്തില്‍ 66 റണ്‍സിനാണ് ഓസീസ് ജയം സ്വന്തമാക്കിയത്. ഇതോടെ 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ടോപ് ഓര്‍ഡറിന്റെ കരുത്തില്‍ ഓസീസ് പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ആദ്യ നാല് സ്ഥാനങ്ങളില്‍ ഇറങ്ങിയവര്‍ അര്‍ധ സെഞ്ച്വറി തികച്ചപ്പോള്‍ സ്‌കോര്‍ പറപറന്നു.

ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ മികച്ച രീതിയിലാണ് ഓസീസ് ബാറ്റ് വീശിയത്. ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ക്രീസില്‍ നിലയുറപ്പിച്ചതോടെ ബുംറയും സിറാജും അടക്കമുള്ളവര്‍ അടിയേറ്റുവീണു.

8.1 ഓവറില്‍ 78 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓസീസ് ആദ്യ വിക്കറ്റില്‍ സ്വന്തമാക്കിയത്. അപ്പോഴേക്കും വാര്‍ണര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. 34 പന്തില്‍ നാല് സിക്‌സറും ആറ് ബൗണ്ടറിയുമടക്കം 56 റണ്‍സാണ് താരം നേടിയത്.

സെഞ്ച്വറിക്ക് തൊട്ടടുത്തെത്തിയ ശേഷമാണ് മിച്ചല്‍ മാര്‍ഷ് വീഴുന്നത്. സ്റ്റീവ് സ്മിത്തിനൊപ്പം 137 റണ്‍സിന്റെ കൂട്ടുകെട്ട് മാര്‍ഷ് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തി. 84 പന്തില്‍ അര്‍ഹിച്ച സെഞ്ച്വറിക്ക് നാല് റണ്‍സകലെ മാര്‍ഷ് കുല്‍ദീപ് യാദവിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മൂന്ന് സിക്‌സറും 13 ബൗണ്ടറിയുമാണ് മാര്‍ഷ് സ്വന്തമാക്കിയത്.

61 പന്തില്‍ 74 റണ്‍സുമായി സ്റ്റീവ് സ്മിത്തും 58 പന്തില്‍ 72 റണ്‍സുമായി മാര്‍നസ് ലബുഷാനും തിളങ്ങി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 352 റണ്‍സ് നേടി.

ഇന്ത്യക്കായി ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവ് രണ്ടും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും ജയിക്കാന്‍ സാധിച്ചില്ല. ഇരുവരുടെയും അര്‍ധ സെഞ്ച്വറി പാഴാവുകയായിരുന്നു.

രോഹിത് അഞ്ച് ബൗണ്ടറിയും ആറ് സിക്‌സറും ഉള്‍പ്പെടെ 57 പന്തില്‍ 81 റണ്‍സ് നേടിയപ്പോള്‍ വിരാട് 61 പന്തില്‍ 56 റണ്‍സും നേടി. 43 പന്തില്‍ 48 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് ഇന്ത്യക്കായി റണ്‍സ് നേടിയ മറ്റൊരു താരം.

എന്നാല്‍ ഈ ചെറുത്തുനില്‍പ്പൊന്നും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ പോന്നതായിരുന്നില്ല. ഒടുവില്‍ അമ്പതാം ഓവറിലെ നാലാം പന്തില്‍ അവസാന വിക്കറ്റും അടിയറ വെച്ച് ഇന്ത്യ 66 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങി.

ഓസീസിനായി ഗ്ലെന്‍ മാക്‌സ്‌വെല്‍ നാല് വിക്കറ്റ് നേടി. ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍, തന്‍വീര്‍ സാംഘ, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മത്സരം തോറ്റെങ്കിലും പരമ്പര സ്വന്തമാക്കിയതിന്റെ ആവേശമായിരുന്നു ഇന്ത്യന്‍ ആരാധകര്‍ക്കുണ്ടായിരുന്നത്. പരമ്പര വിജയത്തിന്റെ ട്രോഫിയേറ്റുവാങ്ങി ഫോട്ടോക്ക് പോസ് ചെയ്തപ്പോഴാണ് പലരും അക്കാര്യം ശ്രദ്ധിച്ചത്. ട്രോഫി ഉയര്‍ത്തിയിരിക്കുന്നത് അത്ര പരിചയമുള്ള മുഖമല്ല.

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള താരങ്ങളായിരുന്നു അത്. പ്രേരക് മന്‍കാദ് അടക്കമുള്ള നാല് താരങ്ങളായിരുന്നു ഇന്ത്യന്‍ നിരയില്‍ ഫീല്‍ഡങ്ങിനും ഡ്രിങ്ക്‌സ് എത്തിക്കാനുമായി ഉണ്ടായിരുന്നത്.

മൂന്നാം മത്സരത്തില്‍ വിരാടും രോഹിത്തും തിരിച്ചെത്തിയതോടെ ഗില്ലിനും ഷര്‍ദുല്‍ താക്കൂറിനും ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ മത്സരത്തിന് മുമ്പ് ഇഷാന്‍ കിഷന്‍ അസുഖ ബാധിതനായതോടെ ഇന്ത്യന്‍ ക്യാമ്പ് പരുങ്ങലിലായി.

പതിനൊന്നംഗ ടീമില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയാല്‍ പകരമിറങ്ങാനോ വെള്ളം കൊണ്ടുപോയി കൊടുക്കാനോ പോലും ആളില്ലാത്ത അവസ്ഥ. ഈ അവസരത്തിലാണ് പരിഹാരവുമായി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തു വന്നത്.

നാല് പ്രാദേശിക താരങ്ങളെ പെട്ടെന്ന് വിളിച്ചു വരുത്തി. ഫീല്‍ഡിങ്ങിനും ഡ്രിങ്ക്‌സ് നല്‍കുന്നതുമായി ഇവരെ കോച്ച് ദ്രാവിഡ് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇവരില്‍ ഒരാളാണ് ട്രോഫി ഉയര്‍ത്തിയത്.

 

 

അതേസമയം, ഈ പരമ്പരക്ക് ശേഷം ലോകകപ്പ് സന്നാഹ മത്സരത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. സെപ്റ്റംബര്‍ 30ന് ഇംഗ്ലണ്ടിനെതിരെ ബര്‍സാപരയിലും ഒക്ടോബര്‍ മൂന്നിന് നെതര്‍ലന്‍ഡ്‌സിനെതിരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലുമാണ് സന്നാഹ മത്സരങ്ങള്‍ നടക്കുന്നത്.

 

 

Content Highlight: Sourashtra domestic players lifted trophy of India-Australia series