സൗണ്ട് പ്രൂഫ് ഓഡിറ്റോറിയം, വിക്ടോറിയന്‍ ഇന്റീരിയറുകള്‍; യു.പിയില്‍ പ്രിയങ്കയ്ക്ക് വേണ്ടി മോടിപിടിപ്പിക്കുന്നത് 125 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസ് ഓഫീസ്
national news
സൗണ്ട് പ്രൂഫ് ഓഡിറ്റോറിയം, വിക്ടോറിയന്‍ ഇന്റീരിയറുകള്‍; യു.പിയില്‍ പ്രിയങ്കയ്ക്ക് വേണ്ടി മോടിപിടിപ്പിക്കുന്നത് 125 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസ് ഓഫീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th January 2019, 10:39 am

ലഖ്‌നൗ: സംഘടനാതലത്തില്‍ വലിയ മാറ്റങ്ങളുമായാണ് ലോക്സഭ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടാനൊരുങ്ങുന്നത്.

പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചുകൊണ്ടാണ് ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

ഇപ്പോള്‍ പ്രിയങ്കയ്ക്കായി യു.പിയില്‍ പ്രത്യേക ഓഫീസ് തയ്യാറാക്കുന്ന തിരക്കിലാണ് നേതൃത്വം. 125 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസ് ഓഫീസ് കെട്ടിടം മോടി പിടിപ്പിച്ചാണ് പ്രിയങ്കയ്ക്കായുള്ള ഓഫീസ് ഒരുക്കുന്നത്. പുതിയ രീതിയിലുള്ള സൗണ്ട് പ്രൂഫ് ഓഡിറ്റോറിയവും വിക്ടോറിയന്‍ രീതിയിലുള്ള ഫര്‍ണിച്ചറുകളും ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുടെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഈ ഓഫീസില്‍ തന്നെയായിരിക്കും മുറിയൊരുക്കുന്നത്.

പ്രസ് ബ്രീഫിങ്ങിനും പാര്‍ട്ടി മീറ്റിങ്ങുകള്‍ക്കുമായി പ്രത്യേക മുറികളും കെട്ടിടത്തില്‍ സജ്ജമാക്കിക്കഴിഞ്ഞിട്ടുണ്ട്. നേരത്തെ യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാറും മീഡിയ ഇന്‍ ചാര്‍ജ് രാജീവ് ഭക്ഷിയും ഇതേ ഓഫീസിലായിരുന്നു.

കോണ്‍ഗ്രസിന്റെ പുതിയ മീഡിയാ ടീമും ഇതേ ഓഫീസില്‍ ഉണ്ടാകും. കഴിഞ്ഞ ജൂണില്‍ യു.പി കോണ്‍ഗ്രസ് നേതൃത്വം മീഡിയ ടീമിനായുള്ള ഇന്റര്‍വ്യൂയും പ്രത്യേക പരീക്ഷയും നടത്തിയിരുന്നു.


ഭരണഘടനയുടെ ആമുഖം ഒന്നാം പേജില്‍; റിപ്പബ്ലിക് ദിനത്തില്‍ ദേശാഭിമാനി ദിനപത്രം


ഓഫീസ് മോടിപിടിപ്പിച്ചു കഴിഞ്ഞെന്നും വലിയ അനൗണ്‍സ്‌മെന്റിന് വേണ്ടി കാത്തിരിക്കുകയാണ് തങ്ങളെന്നും കോണ്‍ഗ്രസ് വക്താവ് സീശന്‍ ഹൈദര്‍ പറഞ്ഞു. “” കെട്ടിടം പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണ്. പുതിയ ഫര്‍ണിച്ചറുകളും മറ്റും ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞു. പ്രിയങ്കാ ഗാന്ധി, ജി യെ കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ ഞങ്ങളെല്ലാം സന്തോഷത്തിലാണ്. യു.പിയിലെ കോണ്‍ഗ്രസിന്റെ അണികള്‍ മാത്രമല്ല രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ആവേശത്തില്‍ തന്നെയാണ്. കോണ്‍ഗ്രസിന്റെ ശക്തയായ നേതാവായി അവര്‍ മാറുമെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത് പുതിയ ഉണര്‍വാണ്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമാണ്””- അദ്ദേഹം പറഞ്ഞു.

പ്രിയങ്കയുടെ പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളും ഓഫീസിന് ചുറ്റുമായി സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കവെ യുവ ഊര്‍ജ്ജവും പരിചയസമ്പത്തും സമന്വയിപ്പിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവും ഇതിന്റെ ഭാഗമാണ്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ഗുലാം നബി ആസാദിനെ ഹരിയാനയിലേക്ക് മാറ്റിയാണ് പ്രിയങ്കയുടെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും കടന്നുവരവ്.

തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുവ നേതൃത്വത്തെ തന്നെ സജ്ജമാക്കുന്നതോടൊപ്പം ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ പ്രിയങ്ക ഇറങ്ങുന്നത് തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.