ന്യൂയോര്‍ക്ക്: ആണവ പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തരകൊറിയയെ തകര്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി പട്ടികുരയ്ക്കുന്നതിന് തുല്യമാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റിയോങ് ഹോ. ട്രംപിന്റെ ഉപദേശകരോട് സഹതാപം മാത്രമേയുള്ളുവെന്നും റിയോങ് പറഞ്ഞു.
കഴിഞ്ഞദിവസം യു.എന്‍ അസംബ്ലിയില്‍ ഉത്തരകൊറിയക്കെതിരെ സംസാരിച്ച ട്രംപ് അമേരിക്കയെയും സഖ്യ കക്ഷികളെയും ലക്ഷ്യമിട്ടാല്‍ ഉത്തരകൊറിയയെ പൂര്‍ണമായും തകര്‍ക്കുമെന്ന് പറഞ്ഞിരുന്നു ഇതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി ഉത്തരകൊറിയന്‍ മന്ത്രി രംഗത്തെത്തിയത്.
“ട്രംപിന്റെ ഭീഷണി പട്ടിക്കുരക്കുന്നതിനു തുല്യമാണ് അത് കാര്യമായി കാണുന്നില്ല, ആരുടെയെങ്കിലും വാചകമടികേട്ട് പിന്‍വാങ്ങുന്നവരല്ല ഉത്തര കൊറിയ” റിയോങ് ഹോ പറഞ്ഞു. ന്യൂയോര്‍ക്കില്‍ യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കവേയാണ് റിയോങ് ഹോ ട്രംപിനെതിരെ ആഞ്ഞടിച്ചത്.
പട്ടിയുടെ കുരകേട്ട് ഞങ്ങള്‍ പേടിക്കുമെന്നാണ് കരുതുന്നെങ്കില്‍ അത് പട്ടിയുടെ വെറും സ്വപ്‌നം മാത്രമാണെന്നും റിയോങ് പറഞ്ഞു.
യു.എന്‍ പൊതുസഭയിലെ ട്രംപിന്റെ പ്രസംഗത്തിന് ശേഷം ഉത്തരകൊറിയ നടത്തിയ ആദ്യ ഔദ്യോഗിക പ്രതികരണം കൂടിയായിരുന്നു വിദേശകാര്യ മന്ത്രി നടത്തിയത്. തങ്ങളെ ആക്രമിച്ചാല്‍ ഉത്തരകൊറിയയെ തകര്‍ക്കുകയല്ലാതെ മുന്നില്‍ മറ്റ് വഴിയില്ലെന്നും റോക്കറ്റ് മനുഷ്യന്റെ ആത്മഹത്യാപരമായ ദൗത്യമായി അത് മാറുമെന്നും ട്രംപ് പറഞ്ഞിരുന്നു.