തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഇസ്രഈലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ്.
ഇസ്രഈലില്‍ വെച്ച് താന്‍ സൗമ്യയെ പ്രണയിച്ച് വിവാഹം കഴിച്ചതാണെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശം തെറ്റാണെന്നും മരണത്തെ തുടര്‍ന്ന് ഇസ്രഈല്‍ ഗവര്‍മെന്റ് നല്‍കുന്ന സഹായം സൗമ്യയുടെ മാതാപിതാക്കള്‍ക്കും കിട്ടുന്നുണ്ടെന്നും സന്തോഷ് പറഞ്ഞു. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചെന്നും സന്തോഷ് പറഞ്ഞു.
”പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ മുതല്‍ സ്‌നേഹിച്ചതായിരുന്നു. 20ാമത്തെ വയസില്‍ 2010 ലാണ് വിവാഹം കഴിക്കുന്നത്. 2013 ലാണ് സൗമ്യ ഇസ്രഈലില്‍ പോകുന്നത്. 2021 ലാണ് സൗമ്യ ഇസ്രഈലില്‍ വെച്ച് മരിക്കുന്നത്. വളരെ മോശമായ രീതിയിലാണ് അദ്ദേഹം പറഞ്ഞത്. ജിഹാദ് കല്യാണം എന്നൊക്കെയാണ് പറയുന്നത്. അങ്ങനെ ഒന്നുമല്ല.
നാളെ എന്റെ മകന്‍ ഒരു പെണ്ണിനെ സ്‌നേഹിച്ച് വന്നാല്‍ അവന് ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാനേ ഞാന്‍ പറയുള്ളൂ. ഇത് വര്‍ഗീയത പടര്‍ത്താന്‍ വേണ്ടി പറഞ്ഞുണ്ടാക്കിയ ഒരു സംഭവമാണ്. അവള്‍ മതം മാറിയിട്ടൊന്നുമില്ല. അവരുടെ വീട്ടുകാര്‍ എല്ലാവരും കൂടി വിവാഹം ആലോചിച്ചു. പള്ളിയില്‍ വെച്ച് കെട്ടുനടത്തി. എന്റെ പെങ്ങള്‍ ബിന്ദുവിനെ വിവാഹം കഴിച്ചത് ഒരു ഹിന്ദുമതസ്ഥന്‍ ആണ്,’ സന്തോഷ് പറഞ്ഞു.
ഇസ്രഈല്‍ സര്‍ക്കാര്‍ കുടുംബത്തിന് സഹായം നല്‍കിയപ്പോള്‍ വളര്‍ത്തിയ അച്ഛനും അമ്മയ്ക്കും ഒന്നും നല്‍കിയില്ലെന്നും ഭാര്യയുടെ ശമ്പളം മേടിച്ച് വെറുതെ വീട്ടിലിരിക്കുന്ന ഭര്‍ത്താവിനാണ് ആ സഹായം മുഴുവനും കിട്ടിയതെന്നുമുള്ള വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനും സന്തോഷ് മറുപടി നല്‍കി.
എനിക്ക് ചെയ്യുന്ന അതേസഹായം സൗമ്യയുടെ മാതാപിതാക്കള്‍ക്കും ചെയ്യുന്നുണ്ടെന്നും ഇന്ന് അവര്‍ ജീവിക്കുന്നത് അതുകൊണ്ടാണെന്നുമായിരുന്നു സന്തോഷ് പറഞ്ഞത്. തുല്യമായിട്ടാണ് അവര്‍ ഞങ്ങളെ സംരക്ഷിച്ചു പോരുന്നത്. മരിച്ചുമുകളില്‍ നില്‍ക്കുന്ന ഒരാളെ കുറിച്ച് ഇത്തരത്തില്‍ പറയുന്നത് അങ്ങേയറ്റം മോശമാണ്. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം, സന്തോഷ് പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ വാര്‍ത്ത സമ്മേളനത്തിലാണ് ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യയുടെ ഭര്‍ത്താവിനെതിരെ പരാമര്‍ശവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്. ഇസ്രഈലില്‍ മരിച്ച സൗമ്യ ഈഴവ സമുദായത്തില്‍പ്പെട്ടയാളായിരുന്നെന്നും എന്നാല്‍ മരണശേഷം നാട്ടിലെത്തിച്ച സൗമ്യയുടെ മൃതദേഹം അടക്കം ചെയ്തത് പള്ളിയിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
ചില ക്രിസ്ത്യന്‍ വിഭാഗങ്ങളും മതംമാറ്റം നടത്തുന്നുണ്ടെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആരോപണം. ‘ക്രിസ്ത്യന്‍ മിഷണറിമാരാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മതംമാറ്റം നടത്തുന്നത്. മുസ്‌ലിങ്ങളെക്കാള്‍ കൂടുതല്‍ ക്രിസ്ത്യാനികളാണ് മതംമാറ്റിക്കുന്നത്. എന്നാല്‍ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല’. സത്യം തുറന്നു പറയുമ്പോള്‍ വര്‍ഗീയവാദി ആക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.