ഡിസംബര്‍ 20ന് സക്‌സ്ട്ടന്‍ ഓവലില്‍ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിന് ഏഴു വിക്കറ്റിന്റെ തോല്‍വി. മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ കടുവകളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 49.5 ഓവറില്‍ 291 റണ്‍സ് മാത്രമാണ് സന്ദര്‍ശകര്‍ക്ക് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് പട 46.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
തോല്‍വി വഴങ്ങിയെങ്കിലും ബംഗ്ലാദേശിന്റെ ഓപ്പണര്‍ സൗമ്യ സര്‍ക്കാറിന് മികച്ച ഒരു ഇന്നിംഗ്‌സ് ആയിരുന്നു ഇത്. 151 പന്തില്‍ 22 ബൗണ്ടറിയും രണ്ട് സിക്‌സറുകളും അടക്കം 169 റണ്‍സ് ആണ് താരം സ്വന്തമാക്കിയത്. 111.92 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരത്തിന്റെ ഏകദിന പ്രകടനം.
എന്നാല്‍ ഇതോടെ സൗമ്യ സര്‍ക്കാര്‍ മറ്റൊരു റെക്കോര്‍ഡ് കൂടെ തകര്‍ത്തെറിയുകയാണ്. ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ 14 വര്‍ഷം പഴക്കമുള്ള റെക്കോഡ് ആണ് സര്‍ക്കാര്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ സ്വന്തമാക്കിയത്.
ന്യൂസിലാന്‍ഡിനെതിരെ ഒരു ഏഷ്യന്‍ കളിക്കാരന്‍ ഏകദിനത്തില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് സൗമ്യ സര്‍ക്കാര്‍ നേടിയത്. 2009ല്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ കിവീസിന് എതിരായ ഏകദിനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്താക്കാതെ 163 റണ്‍സ് നേടിയിരുന്നു. കൂടാതെ എവെയ് ഏകദിന മത്സരത്തില്‍ ഒരു ബംഗ്ലാദേശ് താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണിത്.
രണ്ടാം ഏകദിനത്തിലെ തോല്‍വിയോടെ മൂന്നു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ന്യൂസിലന്‍ഡ് 2-0ല്‍ മുന്നിലാണ്. ഇതോടെ ഏകദിന പരമ്പര ബംഗ്ലാദേശിന് നഷ്ടമായിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ മഴപെയ്തപ്പോള്‍ ഡി.എല്‍.എസ് രീതിയിലൂടെയാണ് ന്യൂസിലാന്‍ഡ് 44 റണ്‍സിന് വിജയിച്ചത്.
രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത കടുവകള്‍ക്ക് വേണ്ടി മുഷ്ഫിഖര്‍ റഹീമ് 57 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ അടക്കം 45 റണ്‍സ് നേടിയിരുന്നു. മെഹ്ദി ഹസന്‍ 26ന് 19 റണ്‍സും നേടി. മറ്റാര്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. കിവീസിന്റെ ജേക്കബ് ഡഫി നിശ്ചിത ഓവറില്‍ 51 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടിയപ്പോള്‍ വില്‍ ഒറോര്‍ക്കും 47 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളും നേടി.
മറുപടി ബാറ്റിങ്ങില്‍ ഹെന്റി നിക്കോളാസ് 99 പന്തില്‍ 95 റണ്‍സ് നേടിയും വില്‍ യങ് 94 പന്തില്‍ 89 റണ്‍സ് നേടിയും മികച്ച പ്രകടനം കാഴ്ചവച്ചു. ന്യൂസിലാന്‍ഡ് യുവ താരം രചിന്‍ രവീന്ദ്ര 33 പന്തില്‍ നിന്നും 45 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി. ടോം ലാഥം 34 റണ്‍സും ബ്ലെണ്ടല്‍ 24 റണ്‍സും നേടി ടീമിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു.
Content Highlight: Soumya Sarkar broke Sachin Tendulkar’s record of 14 years